ന്യൂഡൽഹി: പരമ്പരാഗതമായി ഈഴവ സമുദായ അംഗങ്ങൾ മത്സരിക്കുന്ന നിയമസഭാ മണ്ഡലങ്ങൾ ഇത്തവണ മറ്റ് വിഭാഗത്തിൽ പെട്ടവർക്ക് നൽകുന്നതിന് എതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി. ചില എംപിമാർ ഉൾപ്പെടെയാണ് ഇക്കാര്യത്തിൽ ഉള്ള ആശങ്ക പാർട്ടി നേതൃത്വത്തെ അറിയിച്ചത്. ഈഴവ സമുദായത്തിൽ ബിജെപിയുടെ സ്വാധീനം ശക്തമാകുന്നതിനിടെ കോൺഗ്രസ് സ്വീകരിക്കുന്ന ഈ നിലപാട് ഭാവിയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പരാതി. ശിവഗിരി മഠത്തിന്റെ അതൃപ്തിക്ക് പിന്നാലെയാണ് ഇക്കാര്യത്തിൽ എംപിമാർ ഉൾപ്പടെ രംഗത്ത് വരുന്നത്.
മലബാർ മേഖലയിലാണ് ഈഴവ സമുദായത്തിൽ നിന്നുള്ളവരോട് കോൺഗ്രസ് വൻ അനീതി കാണിക്കുന്നു എന്ന പരാതി ഉയർന്നിരിക്കുന്നത്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ തവണ ഭൂരിപക്ഷ സമുദായ അംഗങ്ങളുടെ മണ്ഡലങ്ങൾ പോലും ഇത്തവണ ന്യൂനപക്ഷങ്ങൾക്ക് നൽകിയെന്നാണ് ആരോപണം. പരമ്പരാഗതമായി ഹിന്ദു സമുദായ അംഗങ്ങൾ വിജയിച്ച പൊന്നാനിയിൽ ഇത്തവണ ന്യൂനപക്ഷ അംഗം ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. തിരുവമ്പാടി ലഭിക്കാനായി തവനൂർ മണ്ഡലം ലീഗിന് വിട്ടു നൽകുകയാണെങ്കിൽ, മലപ്പുറത്ത് കോൺഗ്രസിൽ നിന്ന് മത്സരിക്കുന്ന ഏക ഭൂരിപക്ഷ സമുദായ അംഗം എ.പി അനിൽ കുമാറാകും.
കോഴിക്കോട് ജില്ലയിൽ വിജയ സാധ്യത ഉള്ള മണ്ഡലങ്ങൾ മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് നൽകിയില്ലെന്നാണ് പരാതി. കൊയിലാണ്ടി, നാദാപുരം പോലുള്ള വിജയ സാധ്യതയുള്ള മണ്ഡലങ്ങൾ ഈഴവ സമുദായ അംഗങ്ങളെ അവഗണിച്ചെന്ന് കെപിസിസി ഭാരവാഹികൾ ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതിനായിരത്തിലധികം വോട്ടുകൾക്ക് തോറ്റ മണ്ഡലങ്ങളിലാണ് പേരിന് ഇത്തവണ പിന്നാക്ക സമുദായ അംഗങ്ങൾക്ക് നൽകിയിരിക്കുന്നത് എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
എറണാകുളം ജില്ലയിൽ ഇത്തവണ ഈഴവ സ്ഥാനാർത്ഥികളുടെ എണ്ണം കുറയ്ക്കാൻ ബോധപൂർവ്വമായ നീക്കം നടത്തുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ തവണ ഈഴവ സമുദായ അംഗം മത്സരിച്ച വൈപ്പിനിൽ ഇത്തവണ മറ്റൊരു സമുദായ അംഗത്തെ നിറുത്താൻ ആണ് നീക്കമെന്നാണ് പരാതി. കൊല്ലം ജില്ലയിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന ഏക കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ ആകാനുള്ള സാധ്യതയാണ് നിലവിൽ ഉളളത്. കഴിഞ്ഞ തവണ ഈഴവ സമുദായ അംഗം മത്സരിച്ച ചാത്തന്നൂർ ഇത്തവണ ഫോർവേഡ് ബ്ലോക്കിന് ആണ് നൽകുന്നത്.
തിരുവനന്തപുരം ജില്ലയിൽ മൂന്നാം സ്ഥാനത്ത് കോൺഗ്രസ് എത്തുന്ന കഴകൂട്ടം മണ്ഡലമാണ് നിലവിൽ ഈഴവ സമുദായ അംഗത്തെ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നത്. തെക്കൻ ജില്ലകളിൽ കോൺഗ്രസിൽ നിന്ന് ജയിച്ച് നിയമസഭയിൽ എത്തുന്ന ഈഴവ സമുദായ അംഗങ്ങളുടെ എണ്ണം കുറഞ്ഞാൽ അത് ഭാവിയിൽ ബിജെപിയുടെ വളർച്ചയ്ക്ക് കാരണമാകുമെന്ന് ഒരു മുതിർന്ന എംപി കോൺഗ്രസ് ദേശീയ നേതൃത്വത്തിന് നൽകിയ പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
Prominent Congress MPs and leaders have approached the party high command expressing concern over the potential exclusion of Ezhava community members from their traditional Assembly constituencies. They warned that neglecting the community, especially when the BJP is making significant inroads into this vote bank, could lead to a major political crisis for the UDF. This internal dissent follows reports of dissatisfaction from the Sivagiri Mutt regarding the party’s candidate selection strategy.


