കട്ടപ്പന: പാലാ ഉപതെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ ജോസ് കെ. മാണിയ്ക്ക് വീണ്ടും തിരിച്ചടി. ഇടുക്കി മുന്‍സിഫ് കോടതി വിധിക്കെതിരെ ജോസ് കെ. മാണി വിഭാഗം കട്ടപ്പന സബ് കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതാണ് ജോസ് കെ. മാണിക്ക് തിരിച്ചടിയായിരിക്കുന്നത്. ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് തടഞ്ഞ മുന്‍സിഫ് കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരിന്നു ജോസ് കെ. മാണിയുടെ ഹര്‍ജിയിലെ ആവശ്യം.
ഈ വിഷയത്തില്‍ നിലവില്‍ രണ്ടു കേസുകളുണ്ടെന്നും ഇതിനാല്‍ ഇതു പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കോടതി വ്യക്തമാക്കിയതോടെയാണ് സംഭവം കൂടുതല്‍ വഷളായിരിക്കുന്നത്. കട്ടപ്പന മുന്‍സിഫ് കോടതി ജഡ്ജി 29ന് സ്ഥലം മാറ്റം കിട്ടി പോകുകയാണ്. പുതിയ ജഡ്ജി ചുമതലയേല്‍ക്കുന്നതാകട്ടെ അടുത്ത മാസം നാലാം തീയതിയും. ഇതാണ് ജോസ് കെ. മാണിക്ക് തിരിച്ചടിയായിരിക്കുന്നത്.
പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതിയും സെപ്റ്റംബര്‍ നാലാണ്. ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം ആകാത്ത സാഹചര്യത്തയില്‍ ജോസ് കെ. മാണിയ്ക്ക് ചെയര്‍മാന്‍ എന്ന നിലയ്ക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒപ്പിടാനോ ചിഹ്നം അനുവദിക്കാനോ ഒന്നിനും കഴിയില്ല. ഇതോടെ മുന്‍കൈ പി.ജെ. ജോസഫിന് ലഭിക്കും. നിഷ ജോസ് കെ. മാണിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസഫ്.
ഇരു വിഭാഗത്തിനും താല്‍പര്യമുള്ള പൊതു സമ്മതനായ ആളെ മാത്രമേ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തൂവെന്നാണ് ജോസഫിന്റെ നിലപാട്. കൂടാതെ താന്‍ വേണം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനെന്നും ചിഹ്നം അനുവദിക്കാനുള്ള അവകാശവും തനിക്കാണെന്നാണും ജോസഫി പറയുന്നു. ഇക്കാര്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ജോസ് കെ. മാണി വിഭാഗവുമായി ചര്‍ച്ചക്ക് ഉള്ളൂവെന്നാണ് ജോസഫിന്റെ നിലപാട്.