മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; തിരുവനന്തപുരത്ത് നിയമസഭാകക്ഷി യോഗം വിളിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നീണ്ട കാത്തിരിപ്പിന് നാളെ അറുതിയാകും. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ കോൺഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു. എല്ലാ എം.എൽ.എമാരോടും നാളെ രാവിലെ തന്നെ തലസ്ഥാനത്ത് എത്താൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. വടക്കൻ ജില്ലകളിൽ നിന്നുള്ള എം.എൽ.എമാർക്ക് യാത്രയ്ക്കുള്ള അസൗകര്യം കണക്കിലെടുത്ത് യോഗസമയത്തിൽ നേരിയ മാറ്റങ്ങൾ ഉണ്ടായേക്കാമെങ്കിലും നാളെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ചർച്ചകളെല്ലാം പൂർത്തിയായെന്നും തീരുമാനം നാളെയുണ്ടാകുമെന്നും എ.ഐ.സി.സി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിയമസഭാകക്ഷി യോഗം വിളിക്കാനുള്ള തീരുമാനം ഉണ്ടായത്. മുഖ്യമന്ത്രി പദത്തിനായി രംഗത്തുള്ള കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒരു പ്രത്യേക ഫോർമുലയാകും ഹൈക്കമാൻഡ് അവതരിപ്പിക്കുക. നാളെ പ്രഖ്യാപനത്തിന് മുൻപായി മൂന്ന് നേതാക്കളുമായും ഹൈക്കമാൻഡ് ഒരിക്കൽ കൂടി ആശയവിനിമയം നടത്തും. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ച് സമവായ ചർച്ചകൾക്ക് അവസാന രൂപം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ കെ.സി. വേണുഗോപാലിന്റെ ഡൽഹിയിലെ വസതിക്ക് മുന്നിൽ അദ്ദേഹത്തിന്റെ ചിത്രം മാത്രമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നു. ‘ലോബി 51’ എന്ന അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ കേരളത്തിലെ വിജയത്തെ പ്രകീർത്തിക്കുന്ന പോസ്റ്ററുകളാണ് ഉയർന്നത്. അതേസമയം, സതീശൻ, ചെന്നിത്തല ക്യാമ്പുകളും വലിയ ആത്മവിശ്വാസത്തിലാണ്. ഘടകകക്ഷികളുമായി ഹൈക്കമാൻഡ് പ്രതിനിധികൾ വീണ്ടും സംസാരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പത്തുദിവസമായി തുടരുന്ന അനിശ്ചിതത്വത്തിന് ഇന്ദിരാ ഭവനിലെ യോഗത്തോടെ പരിസമാപ്തിയാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ.

The Congress Legislative Party (CLP) meeting will be held tomorrow at 1:00 PM at Indira Bhavan, Thiruvananthapuram, to officially announce the next Kerala Chief Minister. All MLAs have been directed to reach the capital by morning. AICC General Secretary Jairam Ramesh confirmed that discussions are over and a formula involving the three key contenders—KC Venugopal, VD Satheesan, and Ramesh Chennithala—is expected to be presented.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News