ഗാന്ധിനഗർ: ഗുജറാത്തിലെ ഡാഷ് ബോർഡ് (Gujarat Dash Bord) സംവിധാനത്തെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി വി പി ജോയ് (v p joy). ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമാണെന്ന് വി പി ജോയ് പറഞ്ഞു. വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമായ സംവിധാനമാണിത്. സേവന വിതരണം നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ പ്രതികരണം ശേഖരിക്കുന്നതിനും മറ്റും ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമായ ഒരു സംവിധാനമാണ്.സംവിധാനം മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ഗുജറാത്തിലെത്തിയ ചീഫ് സെക്രട്ടറി ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ സന്ദർശനം നടത്തി. ഇവിടെയാണ് ഡാഷ് ബോർഡ് സംവിധാനത്തിന്‍റെ ഭാഗമായുള്ള വീഡിയോ വാൾ അടക്കമുള്ളത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ചീഫ് സെക്രട്ടറി വി പി ജോയിയും സ്റ്റാഫ് ഓഫിസർ ഉമേഷ് ഐഎഎസും ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയത്. ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാർ ഡാഷ് ബോർഡ് സംവിധാനം വിശദീകരിച്ച് നൽകി.
Gujarat | Kerala Chief Secretary VP Joy visits Gandhinagar to study Gujarat model of governance
"We've just seen the dashboard monitoring system. It's a good and comprehensive system for monitoring the delivery of services, collecting citizens' feedback and others," he says pic.twitter.com/75TXm58qfl
— ANI (@ANI) April 28, 2022
ഇന്ന് മുഴുവൻ ഉദ്യോഗസ്ഥരുമായും മറ്റുമുള്ള കൂടിക്കാഴ്ച്ചകളാണ് നിശ്ചയിച്ചിരിക്കുന്നത്. നാളെ കേരളത്തിലേക്ക് മടങ്ങും. 2019 ൽ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ തുടങ്ങിയ ഡാഷ് ബോർഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്.
സർക്കാരിന്‍റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിലൂടെ തത്സമയം വിലയിരുത്തുന്നതാണ് സംവിധാനം. ഡാറ്റാബേസ് ഉണ്ടാക്കിയുള്ള സിഎം ഡാഷ് ബോർഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം.
പിണറായിയുമായി അടുത്തിടെ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ഗുജറാത്ത് മാതൃക എടുത്ത് പറഞ്ഞിരുന്നു. ഉദ്യോഗസ്ഥർക്ക് മാർക്കിട്ട് പ്രവർത്തനം വിലയിരുത്തുന്ന സംസ്ഥാന സർക്കാർ ഗുജറാത്ത് രീതി കൂടി മാതൃക ആക്കാനാണ് പഠനത്തിനായി ചീഫ് സെക്രട്ടറിയെ അയച്ചത്.