ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. മൂന്ന് മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷവും അന്തിമ പ്രഖ്യാപനം ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് പിന്നീട് തീരുമാനമറിയിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം എടുക്കാന്‍ 23 വരെ സമയം ഉണ്ടെന്നും മുന്‍ഷി പറഞ്ഞു. ആദ്യഘട്ടത്തില്‍ വിട്ടുനില്‍ക്കുമെന്ന് കരുതിയിരുന്ന രാഹുല്‍ ഗാന്ധി അവസാന നിമിഷം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നേരിട്ടെത്തിയിരുന്നു.വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരും ദീപയ്‌ക്കൊപ്പമുണ്ടായിരുന്നു.
ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട ഉന്നതതല സംഘം മൂന്ന് നേതാക്കളുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയാണ് അഭിപ്രായങ്ങള്‍ ആരാഞ്ഞത്. യോഗത്തില്‍ ഓരോ നേതാക്കളും തങ്ങളുടെ ശക്തമായ വാദമുഖങ്ങള്‍ നിരത്തി. എം.എല്‍.എമാരുടെ പിന്തുണ തനിക്കാണെന്നും പാര്‍ട്ടിയുടെ കീഴ്വഴക്കം അനുസരിച്ച് തനിക്ക് അവസരം നല്‍കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
എന്നാല്‍, എം.എല്‍.എമാരുടെ പിന്തുണ മാത്രം മാനദണ്ഡമാക്കരുതെന്ന നിലപാടാണ് സതീശനും ചെന്നിത്തലയും സ്വീകരിച്ചത്. താന്‍ സീനിയര്‍ നേതാവാണെന്നും മുന്‍പ് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം പലപ്പോഴും മാറിനിന്നിട്ടുണ്ടെന്നും അതിനാല്‍ ഇത്തവണ പരിഗണിക്കണമെന്നും ചെന്നിത്തല വാദിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം പ്രതിപക്ഷത്തെ നയിച്ചത് താനാണെന്നും യു.ഡി.എഫ് ഘടകകക്ഷികളുടെ വികാരം കൂടി പരിഗണിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ മറ്റ് പദവികള്‍ തനിക്ക് വേണ്ടെന്ന കടുത്ത നിലപാടും സതീശന്‍ യോഗത്തില്‍ അറിയിച്ചതായാണ് വിവരം.
അതേസമയം, മുഖ്യമന്ത്രി പദത്തിനായുള്ള തര്‍ക്കം തെരുവില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള ചേരിതിരിവിനും വിഭാഗീയതയ്ക്കും കാരണമാകുന്നതില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മൂന്ന് നേതാക്കളും ഒന്നിച്ച് മാധ്യമങ്ങളെ കണ്ട് ഐക്യസന്ദേശം നല്‍കി. കേരളത്തിലുണ്ടായ ഉജ്ജ്വല വിജയത്തിന് മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രകടനങ്ങളും അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ സംയുക്തമായി ആവശ്യപ്പെട്ടു. സതീശന്‍, ചെന്നിത്തല, വേണുഗോപാല്‍ എന്നിവരുടെ പേരില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വി.ഡി. സതീശന്‍: 'നേതാക്കള്‍ക്ക് വേണ്ടിയുള്ള ചേരിതിരിഞ്ഞുള്ള പ്രകടനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നതാണ്. ഇനി ഒരു സ്ഥലത്ത് പോലും ഇത്തരം പ്രകടനങ്ങള്‍ പാടില്ല. എല്ലാവരും പാര്‍ട്ടിക്കാരാണെന്നും ജനങ്ങളാണ് പരമപ്രധാനമെന്നും ഓര്‍ക്കണം. വിവിധ നേതാക്കള്‍ക്കായി സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്‌ലക്‌സ് ബോര്‍ഡുകളും ഇന്ന് രാത്രി തന്നെ നീക്കം ചെയ്യണം. ആര്‍ക്കും അനുകൂലമായി തെരുവില്‍ ഇറങ്ങരുത്.'
കെ.സി. വേണുഗോപാല്‍: 'പ്രവര്‍ത്തകര്‍ നേതാക്കളെ ഇഷ്ടപ്പെടുന്നതില്‍ തെറ്റില്ല, എന്നാല്‍ അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലേക്ക് മാറരുത്. പാര്‍ട്ടിയുടെ അച്ചടക്കം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.'
രമേശ് ചെന്നിത്തല: 'വിഭാഗീയമായ എല്ലാ പ്രവര്‍ത്തനങ്ങളും ഇന്നത്തോടുകൂടി അവസാനിപ്പിക്കണം. ഇത്തരം പ്രവണതകള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ പാര്‍ട്ടിക്ക് മോശമായ ചിത്രം നല്‍കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് പ്രവര്‍ത്തകര്‍ മനസ്സിലാക്കണം.'
സണ്ണി ജോസഫ് (കെ.പി.സി.സി അധ്യക്ഷന്‍): 'മുഖ്യമന്ത്രിയെ സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധിയും കൈക്കൊള്ളുന്ന തീരുമാനം എന്തുതന്നെയായാലും അത് ഐക്യകണ്‌ഠേന സ്വീകരിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്.'
ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും ഏകസ്വരത്തില്‍ അംഗീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. പാര്‍ട്ടിയാണ് പരമപ്രധാനമെന്നും വ്യക്തിപരമായ താല്പര്യങ്ങള്‍ക്കല്ല മുന്‍ഗണനയെന്നും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും പറഞ്ഞു. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍, റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി വരും ദിവസങ്ങളില്‍ ഹൈക്കമാന്‍ഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തും.


