മന്ത്രിമാർക്ക് പേടിയോ ‘അൺലക്കി 13’? പതിമൂന്നാം നമ്പർ കാർ ആർക്കും വേണ്ട; തഴഞ്ഞ് മന്ത്രിമാർ!; ഇതേ നമ്പർ മുറി ഇത്തവണയും സ്വന്തമാക്കി C.K ഹരീന്ദ്രൻ

13-ാം നമ്പർ കാറിനെ മന്ത്രിമാർക്ക് പേടി; ഇതേ നമ്പർ മുറി ഇത്തവണയും സ്വന്തമാക്കി C.K ഹരീന്ദ്രൻ

പതിമൂന്നാം നമ്പർ അത്ര മോശം നമ്പറാണോ? ആണെന്നും അല്ലെന്നുമാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ സാമാജികരും മന്ത്രിമാരും പറയുന്നത്. തിങ്കളാഴ്ച പുതിയ മന്ത്രിസഭ ഔദ്യോഗികമായി അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാർക്കുള്ള ഔദ്യോഗിക വാഹനങ്ങളെല്ലാം അനുവദിച്ച് നൽകിയിരുന്നു. എന്നാൽ പതിവ് തെറ്റിക്കാതെ ഇത്തവണയും വിവിഐപി രജിസ്ട്രേഷനിലുള്ള 13-ാം നമ്പർ കാർ ഏറ്റെടുക്കാൻ ഒരു മന്ത്രിയും മുന്നോട്ടുവന്നില്ല. ആരും ഈ നമ്പർ ആവശ്യപ്പെടാത്തതു കൊണ്ടുതന്നെ ഇത്തവണത്തെ മന്ത്രിമാരുടെ വാഹന വ്യൂഹത്തിൽ 13-ാം നമ്പർ കാർ ഒഴിവാക്കുകയായിരുന്നു.

പതിമൂന്ന് എന്നത് നിർഭാഗ്യ നമ്പറാണെന്ന (Triskaidekaphobia) അന്ധവിശ്വാസത്തിന്റെ പുറത്താണ് മുൻപും കേരള രാഷ്ട്രീയത്തിൽ പലരും ഈ നമ്പർ കാർ ഒഴിവാക്കിയിട്ടുള്ളത്. പ്രത്യേകിച്ചും യുഡിഎഫ് സർക്കാരുകൾ അധികാരത്തിൽ വന്നപ്പോഴെല്ലാം പതിമൂന്നാം നമ്പർ കാർ പൂർണ്ണമായും ഒഴിവാക്കുന്നതായിരുന്നു പതിവ്. എന്നാൽ ഇടതുപക്ഷ മുന്നണി അധികാരത്തിൽ വരുമ്പോൾ പലപ്പോഴും ഈ അന്ധവിശ്വാസങ്ങളെ പൊളിച്ചെഴുതാൻ ചില മന്ത്രിമാർ തയ്യാറാകാറുണ്ട്. പക്ഷേ, ഇത്തവണ പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോൾ ഇടത്-വലത് ഭേദമന്യേ 13-ാം നമ്പറിനോട് എല്ലാവരും അകലം പാലിക്കുകയാണുണ്ടായത്.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ അന്ധവിശ്വാസത്തെ ശക്തമായി വെല്ലുവിളിച്ചുകൊണ്ട് കൃഷിമന്ത്രിയായിരുന്ന പി. പ്രസാദ് പതിമൂന്നാം നമ്പർ കാർ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്നു. തന്റെ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുടെ ഭാഗമായാണ് ഭയമില്ലാതെ ആ നമ്പർ ഏറ്റെടുത്തതെന്ന് അന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഭരണസിരാകേന്ദ്രങ്ങളിൽ നിലനിൽക്കുന്ന ഇത്തരം അനാചാരങ്ങൾക്കെതിരെ ശക്തമായ സന്ദേശം നൽകാൻ അന്ന് ആ തീരുമാനത്തിലൂടെ പി. പ്രസാദിന് സാധിച്ചിരുന്നു.

പി. പ്രസാദിന് മുൻപ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക്കും ഇതേ 13-ാം നമ്പർ കാറാണ് തന്റെ ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതിന് തൊട്ടുമുമ്പ് 2011-ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന അഞ്ച് വർഷക്കാലം മന്ത്രിസഭയിൽ പതിമൂന്നാം നമ്പർ കാർ ഉണ്ടായിരുന്നതേയില്ല. യുഡിഎഫ് മന്ത്രിമാർ ഒന്നടങ്കം ഈ നമ്പർ നിരസിച്ചതായിരുന്നു അന്ന് അതിന് കാരണം.

ഇതിനുമുമ്പ് 2006-ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അന്ധവിശ്വാസങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ. ബേബിയായിരുന്നു 13-ാം നമ്പർ കാർ ധീരമായി ഏറ്റെടുത്തത്. അന്ന് മുതൽ ഇടതുപക്ഷത്തെ പല പ്രമുഖരും ഈ മാതൃക പിന്തുടർന്നിരുന്നെങ്കിലും, പുതിയ മന്ത്രിസഭയിൽ വീണ്ടും 13-ാം നമ്പർ കാർ അനാഥമായി കിടക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിലും പൊതുജനങ്ങൾക്കിടയിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

സമാന സാഹചര്യമാണ് പതിമൂന്നാം നമ്പർ എംഎൽഎ ഹോസ്റ്റൽ മുറിക്കും. തിരുവനന്തപുരം നിള ബ്ലോക്കിലെ പതിമൂന്നാം നമ്പർ മുറിയിൽ താമസിക്കുന്ന എംഎൽഎമാർ പിന്നീട് ജയിച്ച് വരില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആരും ഈ മുറി തിരഞ്ഞെടുത്തിരുന്നുമില്ല. എന്നാൽ എന്നാൽ കഴിഞ്ഞ 10 വർഷക്കാലമായി 13 ാം നമ്പർ മുറിയിൽ എല്ലാ അന്ധവിശ്വാസങ്ങളെയും തള്ളിക്കളഞ്ഞു താമസിക്കുകയാണ് പാറശ്ശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ.

സീനിയർ എംഎൽഎ നിലയ്ക്ക് കുറച്ചുകൂടി നല്ല മുറിക്ക് അർഹതയുണ്ടായിരുന്നുവെങ്കിലും ഇത് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു സി.കെ ഹരീന്ദ്രൻ. ഇത്തവണയും ഇതേ മുറി ചോദിച്ചിട്ടുണ്ടെന്നും അവിടെ തന്നെയായിരിക്കും താമസിക്കുകയെന്നും സി.കെ ഹരീന്ദ്രനുമായി ബന്ധപ്പെട്ടവർ പറയുന്നുണ്ട്.

English Summary:

The superstition surrounding the ‘unlucky’ number 13 has returned to Kerala politics, as none of the ministers in the newly formed cabinet opted for the official car bearing registration number 13. While all other ministerial vehicles were assigned following Monday’s oath-taking ceremony, the number 13 car remains excluded due to a lack of takers. Historically, UDF governments have consistently avoided this number, whereas previous LDF ministers like P. Prasad, Dr. T.M. Thomas Isaac, and M.A. Baby (in 2006) had previously broken the taboo by using the number 13 car. However, the current cabinet has chosen to entirely skip the number once again.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News