FeaturedKeralaNews

മലപ്പുറത്തിന്റെ ഹക്കു അരങ്ങേറി,കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം

പനാജി: നിര്‍ണായകമായ ഐ.എസ്.എല്‍ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിന് ഹൈദരാബാദിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം.കൊമ്പന്‍മാര്‍ക്കുവേണ്ടി ആദ്യ മത്സരത്തിനിറങ്ങിയ മലപ്പുറം സ്വദേശി അബ്ദുള്‍ ഹക്കുവും(29ാം മിനിട്ട്) 88 ാം മിനിട്ടില്‍ ജോര്‍ദാന്‍ മുറെയുമാണ് കേരളത്തിന് വിജയം കൊണ്ടുവന്നത്. കളിയിലുടനീളം മികച്ച ആക്രമണ ഫുട്‌ബോളാണ് ബ്ലാസ്‌റ്റേഴ്‌സ് കാഴ്ചവച്ചത്.

11-ാം മിനുറ്റില്‍ ആശിഷ് റായിയില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത് സഹല്‍ അബ്‌ദുള്‍ സമദ് ആദ്യ ശ്രമം നടത്തിയെങ്കിലും പ്രതിരോധം ഭേദിക്കാനായില്ല. തൊട്ടുപിന്നാലെ ജോര്‍ദാന്‍ മുറേയുടെ ബൈസിക്കിള്‍ കിക്ക് ശ്രമവും പാളി. 14-ാം മിനുറ്റില്‍ ലിസ്റ്റണ്‍ ഹൈദരാബാദിനായി ഓണ്‍ടാര്‍ഗറ്റ് ഷോട്ടുതിര്‍ത്തെങ്കിലും ആല്‍ബിനോ ഗോമസ് തടുത്തു. 17-ാം മിനുറ്റില്‍ നിഷു കുമാര്‍ മിന്നല്‍ ഷോട്ടിന് ശ്രമിച്ചപ്പോഴും ഫലം കണ്ടില്ല.

22-ാം മിനുറ്റില്‍ ഹൈദരാബാദ് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ മുഹമ്മദ് യാസിറിന്‍റെ അസിസ്റ്റ് മുതലാക്കാന്‍ അരിഡാന സാന്‍റാനയ്‌ക്കായില്ല. എന്നാല്‍ 29-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു മലയാളി ഡിഫന്‍റര്‍ അബ്‌ദുള്‍ ഹക്കു. സീസണില്‍ ആദ്യമായി ഇറങ്ങിയ ഹക്കു ഫക്കുണ്ടോ പെരേരയുടെ കോര്‍ണറില്‍ ഹെഡര്‍ കൊണ്ട് വല ചലിപ്പിച്ചു. 45-ാം മിനുറ്റില്‍ സുവര്‍ണാവസരം സാന്‍റാന പാഴാക്കിയത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി.

ഹൈദരാബാദ് 4-2-3-1 ഫോര്‍മേഷനിലും ബ്ലാസ്റ്റേഴ്‌സ് 4-3-3 ശൈലിയിലും മൈതാനത്തെത്തി. ബ്ലാസ്റ്റേഴ്‌സ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അഞ്ച് മാറ്റവുമായാണ് ഇറങ്ങിയത്. മലയാളി താരങ്ങളായ രാഹുല്‍ കെ പിയും സഹല്‍ അബ്‌ദുല്‍ സമദും അബ്‌ദുള്‍ ഹക്കുവും ആദ്യ ഇലവനിലെത്തി. പ്രതിരോധത്തില്‍ പതിവ് കോസ്റ്റ-കോനെ സഖ്യത്തിന് പകരം ഇന്ത്യന്‍ പ്രതിരോധക്കോട്ടയാണ് വികൂന കെട്ടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button