ISL ⚽ ആദ്യ പകുതിയിൽ രണ്ടടിച്ച് ദിമിത്രിയോസ്; തട്ടകത്തിൽ നോർത്ത് ഈസ്റ്റിനെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്സ് മുന്നില്‍

Dimitrios Diamantakos of Kerala Blasters FC goal celebration during match 85 of the HERO INDIAN SUPER LEAGUE 2022 played between Kerala Blasters FC and NorthEast United FC at the Jawaharlal Nehru Stadium, Kochi, in India on 29th January 2023 Photo: Shibu Preman / Focus Sports / ISL

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു ലീഡ് ചെയ്യുന്നത്. 42, 44 മിനിറ്റുകളിൽ ഗ്രീക്ക് ഫോർവേ‍‍‍ഡ് ദിമിത്രിയോസ് ഡയമെന്റകോസാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.

മത്സരത്തിൽ 40 മിനിറ്റോളം ബ്ലാസ്റ്റേഴ്സിനെക്കൊണ്ട് ഗോളടിപ്പിക്കാതെ നോർത്ത് ഈസ്റ്റ് പിടിച്ചുനിന്നെങ്കിലും അവസാന മിനിറ്റുകളിലെ തുടർ ആക്രമണങ്ങൾ ബ്ലാസ്റ്റേഴ്സിനെ തുണയ്ക്കുകയായിരുന്നു. ഇന്ത്യൻ മിഡ്ഫീൽഡർ ബ്രൈസ് മിറാൻ‍ഡ നൽകിയ ക്രോസിൽ, നോർത്ത് ഈസ്റ്റ് പ്രതിരോധ താരങ്ങളെയും ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യയെയും കാഴ്ചക്കാരാക്കി ഹെഡർ ചെയ്താണ് ദിമി ബ്ലാസ്റ്റേഴ്സിനായി ആദ്യം ലീഡെടുത്തത്. ഒരു മിനിറ്റിനപ്പുറം അഡ്രിയൻ ലൂണയുടെ ത്രൂ ബോളിലാണ് ദിമിയുടെ രണ്ടാം ഗോൾ പിറന്നത്.

ബോക്സിന്റെ മധ്യത്തിൽനിന്നുള്ള ഗ്രീക്ക് താരത്തിന്റെ ഷോട്ട് നോർത്ത് ഈസ്റ്റ് വലയുടെ ഇടതു ഭാഗത്താണു പതിച്ചത്. ടീമിലെ പതിവുകാരായ ഗോളി പ്രഭ്സുഖൻ ഗില്ലിനെയും മധ്യനിര താരം സഹല്‍ അബ്ദുൽ സമദിനെയും പുറത്തിരുത്തിയാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ നേരിടുന്നത്. മുതിർന്ന താരം കരൺജിത് സിങ്ങാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുന്നത്. ബ്രൈസ് മിറാൻ‍‍ഡ പ്ലേയിങ് ഇലവനിലുണ്ട്. പരുക്കു ഭേദമായി തിരിച്ചെത്തിയ പ്രതിരോധ താരം മാർകോ ലെസ്കോവിച്ച് ടീമിൽ ഇല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News