FootballKeralaNewsSports

അത്ഭുത ഗോളുമായി വാസ്‌ക്വസ് വീണ്ടും; 10 പേരായി ചുരുങ്ങിയിട്ടും വിജയം പിടിച്ച് ബ്ലാസ്‌റ്റേഴ്‌സ്

മഡ്ഗാവ്: ഐഎസ്എല്ലിൽ കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.

70-ാം മിനിറ്റിൽ മത്സരത്തിലെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ആയുഷ് അധികാരി പുറത്തായ ശേഷം ശേഷിച്ച സമയം 10 പേരുമായി കളിച്ചാണ് ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചത്. ജയത്തോടെ പോയന്റ് പട്ടികിൽ രണ്ടാം സ്ഥാനത്തെത്താനും ടീമിനായി.

62-ാം മിനിറ്റിൽ പെരേര ഡിയാസിന്റെ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് 82-ാം മിനിറ്റിൽ അൽവാരോ വാസ്ക്വസിന്റെ തകർപ്പൻ ഗോളിൽ വിജയം സ്വന്തമാക്കുകയായിരുന്നു. ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ മുഹമ്മദ് ഇർഷാദിലൂടെ നോർത്ത് ഈസ്റ്റ് ആശ്വാസ ഗോൾ കണ്ടെത്തി.

ആദ്യ മത്സരങ്ങളിലെ കളം നിറഞ്ഞ് കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയല്ല ആദ്യ പകുതിയിൽ കണ്ടത്. കോവിഡ് ബാധ താരങ്ങളെ ബുദ്ധിമുട്ടിച്ചു എന്നതിന് തെളിവായിരുന്നു ആദ്യ പകുതി. നോർത്ത് ഈസ്റ്റായിരുന്നു ആദ്യ പകുതിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചത്.

ഒടുവിൽ 62-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോൾ വന്നത്. നിഷു കുമാർ ബോക്സിലേക്ക് നീട്ടിയ പന്ത് ഹർമൻജോത് ഖബ്ര ഡിയാസിന് മറിച്ച് നൽകി. ഉഗ്രനൊരു ഹെഡറിലൂടെ താരം പന്ത് വലയിലെത്തിക്കുകയായിരുന്നു.

എന്നാൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി 70-ാം മിനിറ്റിൽ ആയുഷ് അധികാരിക്ക് റഫറി മാർച്ചിങ് ഓർഡർ നൽകി. സീസണിൽ ആദ്യമായി 10 പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്സ് പക്ഷേ വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു.

82-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിനെ പോലും ഞെട്ടിച്ച് വാസ്ക്വസിന്റെ ഗോളെത്തി. സ്വന്തം പകുതിയിൽ നിന്ന് പന്ത് ലഭിച്ച വാസ്ക്വസ് നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ സുഭാശിഷ് ചൗധരി സ്ഥാനം തെറ്റിനിൽക്കുന്നത് മുതലെടുത്ത് തൊടുത്ത നെടുനീളൻ ഷോട്ട് കൃത്യമായി വലയിൽ. സുഭാശിഷ് പന്ത് തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഒടുവിൽ ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ ഹെർനൻ സന്റാനയുടെ പാസിൽ നിന്ന് മുഹമ്മദ് ഇർഷാദ് നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button