മഡ്ഗാവ്: കേറിവാടാ മക്കളേ… ഐഎസ്എല്‍ ഫൈനലിന് (Hyderabad vs Kerala Blasters Final) മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് (KBFC) പരിശീലകന് ഇവാന് വുകോമനോവിച്ച് (Ivan Vukomanovic) വീഡിയോയിലൂടെ മഞ്ഞപ്പട (Manjappada) ആരാധകരെ ക്ഷണിച്ചത് ഇങ്ങനെയായിരുന്നു. ആശാന്റെ ക്ഷണം സ്വീകരിച്ച് കലാശപ്പോര് കാണാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ആരാധകര്‍ ഗോവയിലേക്ക് ഒഴുകുന്നതാണ് പിന്നീട് കണ്ടത്. ഹൈദരാബാദിനെതിരായ ഫൈനലിന് ബ്ലാസ്റ്റേഴ്സ് കളത്തിലെത്തിയപ്പോള്‍ മഞ്ഞപ്പട ആരാധകരെ നേരില്‍ക്കണ്ട് നന്ദിയറിയിച്ചു ഇവാന് വുകോമനോവിച്ച്.
When @ivanvuko19 met @KeralaBlasters fans! 😉💯📢#HFCKBFC #HeroISL #HeroISLFinal #LetsFootball #FinalForTheFans #HyderabadFC #KeralaBlasters | @kbfc_manjappada pic.twitter.com/D48kGEP3mi
— Indian Super League (@IndSuperLeague) March 20, 2022
ഗോവയിലെ ഫറ്റോര്‍ഡയില്‍ രാത്രി 7.30നാണ് ഹൈദരാബാദ് എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിന് കിക്കോഫാവുക. പരിക്കുമാറി ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി എന്നതാണ് പ്രധാന സന്തോഷ വാര്‍ത്ത. അതേസമയം പരിക്കിന്റെ പിടിയിലുള്ള മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് സ്ക്വാഡിലില്ല. മലയാളി താരം രാഹുല്‍ കെ പി സ്റ്റാര്‍ട്ടിംഗ് ഇലനില്‍ കളിക്കും. ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിനും ഹൈദരാബാദിനും അവരുടെ കന്നിക്കിരീടം ഉയര്‍ത്താം.
ബ്ലാസ്റ്റേഴ്സ് സ്റ്റാര്‍ട്ടിംഗ് ഇലവന്
പ്രഭ്സുഖാന്‍ ഗില്‍(ഗോളി), സന്ദീപ് സിംഗ്, ആര്‍വി ഹോര്‍മിപാം, മാര്‍കോ ലെസ്കോവിച്ച്, ഹര്‍മന്‍ജോത് ഖബ്ര, പ്യൂട്ടിയ, അഡ്രിയാന്‍ ലൂണ, ജീക്സണ് സിംഗ്, രാഹുല്‍ കെപി, പെരേര ഡയസ്, ആല്‍വാരോ വാസ്ക്വസ്.
സെമിയില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ്സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജേഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ കുപ്പായം ധരിക്കാം.