കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കുതിപ്പ് തുടരുന്നു. കലൂര്‍ സ്‌റ്റേഡിയത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ 3-1നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. അപ്പൊസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്.
ഡാനിയേല്‍ ചിമ ചുക്വുവിലൂടെ ജംഷഡ്പൂര്‍ ഒരു ഗോള്‍ മടക്കി. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ മറികടന്ന് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. 12 മത്സരങ്ങളില്‍ 25 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്. ജംഷഡ്പൂര്‍ 10-ാം സ്ഥാനത്താണ്. 12 മത്സരങ്ങളില്‍ അഞ്ച് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്.
തുടക്കത്തില്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആക്രമിച്ച് കളിച്ചു. ആദ്യ അഞ്ച് മിനിറ്റുകള്‍ക്കിടെ രണ്ട് ഗോള്‍ ശ്രമങ്ങളാണ് പുറത്തേക്ക് പോയത്.
സഹലും രാഹുലും നടത്തിയ മുന്നേറ്റം ഗോളെന്നുറപ്പിച്ചതാണ്. എന്നാല്‍ സഹലിന്റെ ഗോള്‍ശ്രമം പ്രതിരോധ താരത്തിന്റെ കാലില്‍തട്ടി പുറത്തേക്ക്. മറ്റൊരു ഗോള്‍ശ്രമം അഡ്രിയാന്‍ ലൂണയുടെ വകയായിരുന്നു. എന്നാല്‍ താരത്തിന്റെ ഷോട്ടും പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. എന്നാല്‍ ഒമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ച ലീഡ് നേടി.
ദിമിത്രിയോസ് ഡയമന്റാകോസിന്റെ അസിസ്റ്റില്‍ ജിയാനുവിന്റെ ഗോള്‍. ദിമിത്രിയോസ് ഇടത് വിംഗിലൂടെ പന്തുമായി മുന്നേറി. അതോടൊപ്പം ജിയാനു ബോക്‌സിലേക്ക് ജംഷഡ്പൂര്‍ പോസ്റ്റിലേക്ക് ഓടിക്കയറുന്നുണ്ടായിരുന്നു. ദിമിത്രിയോസിന്റെ നിലംപറ്റെയുള്ള ക്രോസ് ജിയാനു കാലുവച്ചു. സ്‌കോര്‍ 1-0.
എന്നാല്‍ എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. റാഫേല്‍ ക്രിവെല്ലാരോയുടെ ത്രൂ ബാള്‍ ഇഷാന്‍ പണ്ഡിതയ്ക്ക്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ ക്ലിയര്‍ ചെയ്യാന്‍ ഓടിക്കയറി. ഗില്‍ ക്ലിയര്‍ ചെയ്‌തെങ്കിലും ചുക്വുവിന്റെ കാലിലാണ് പന്ത് കിട്ടിയത്. ഗോളിയില്ലാ പോസ്റ്റിലേക്ക് മനോഹരമായി ചിപ് ചെയ്്ത് അദ്ദേഹം ഗോളാക്കി. സ്‌കോര്‍ 1-1.
എന്നാല്‍ 31-ാം മിനിറ്റില്‍ ഒരിക്കല്‍കൂടി മഞ്ഞപ്പട മുന്നിലെത്തി. ഇത്തവണ പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. കിക്കെടുത്ത ദിമിത്രിയോസിന് പിഴിച്ചില്ല. സ്‌കോര്‍ 2-1. രണ്ടാംപാതിയില്‍ ജംഷഡ്പൂര്‍ അല്‍പംകൂടി ഉണര്‍ന്ന് കളിച്ചു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാന്‍ ജംഷഡ്പൂര്‍ താരങ്ങള്‍ക്കായില്ല.
ഇതിനിടെ 65-ാം മിനിറ്റില്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ്് മൂന്നാം ഗോള്‍. ഇത്തവണ ജിയാനുവാണ് ഗോളിന് അവസരം ഒരുക്കിയത്. വീണ്ടും ഗോൡനായുള്ള ശ്രമങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ ജംഷഡ്പൂര്‍ പ്രതിരോധം ശക്തമാക്കിയതോടെ ഗോള്‍ ഒഴിഞ്ഞുനിന്നു.