ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
ഏഴാം മിനിറ്റിലും 64ാം മിനിറ്റിലും നായകൻ അഡ്രിയാൻ ലൂണയാണ് കേരളത്തിനായി ഗോളുകൾ നേടിയത്. ഏഴാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് ലൂണ കേരളത്തെ മുന്നിലെത്തിച്ചത്. എന്നാൽ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. തൊട്ടടുത്ത മിനിറ്റിൽ ഡേവിഡ് വില്യംസിന്റെ ഗോളിൽ എടികെ ഒപ്പമെത്തി. രണ്ടാം പകുതിയിൽ കേരളം വീണ്ടും ലൂണയിലൂടെ മുന്നിലെത്തി. പിന്നീട് ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് എടികെ നിരന്തരം ആക്രമണം അഴിച്ചുവിട്ടു.
എന്നാൽ തകർപ്പൻ ഡിഫെൻസും ഒപ്പം ഗോൾ കീപ്പർ പ്രഭ്സുഖൻ ഗില്ലിന്റെ തകർപ്പൻ പ്രകടനവും കൊൽക്കത്ത ക്ലബ്ബിന് ഗോൾ മാത്രം നിഷേധിച്ചു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലാണ് കോകോയുടെ ഗോൾ കേരളത്തെ സമനിലയിൽ തളച്ചത്. ജയിച്ചിരുന്നുവെങ്കിൽ 29 പോയിന്റുമായി കേരളത്തിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു. 16 കളികൾ വീതം പൂർത്തിയായപ്പോൾ 30 പോയിന്റുമായി എ.ടി.കെ മോഹൻബഗാൻ ഒന്നാം സ്ഥാനത്തും 16 കളികളിൽ നിന്ന് 27 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തുമാണ്.
മറ്റൊരു മത്സരത്തിൽ ഗോവ ഹൈദരാബാദിനെ നേരിടുകയാണ്. ജയിച്ചാൽ 32 പോയിന്റുമായി ഹൈദരാബാദിന് ഒന്നാമതെത്താം സമനില നേടിയാലും 30 പോയിന്റുമായി അവർക്ക് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താൻ കഴിയും