മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ കേരളം ഒരേയൊരു റണ്ണിനാണ് സര്‍വീസസിനെ കീഴടക്കിയത്. കേരളം ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച സര്‍വീസസിന് 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ഹീറോ.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 34 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീനും (1) രോഹന്‍ കുന്നുമ്മലും (12) പുറത്തായി. പിന്നാലെ ക്രീസിലൊന്നിച്ച വിഷ്ണു വിനോദും നായകന്‍ സഞ്ജു സാംസണും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തി.
22 പന്തില്‍ 22 റണ്‍സെടുത്ത സഞ്ജുവിനെ ശര്‍മ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ക്രീസിലെത്തിയ സല്‍മാന്‍ നിസാറിനെ കൂട്ടുപിടിച്ച് വിഷ്ണു അടിച്ചുതകര്‍ത്തു. ഇരുവരും നാലാം വിക്കറ്റില്‍ 110 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി. സല്‍മാനെ സാക്ഷിയാക്കി വിഷ്ണു സെഞ്ചുറി കുറിച്ചു. 62 പന്തുകളില്‍ നിന്ന് 15 ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ വിഷ്ണു പുറത്താവാതെ 109 റണ്‍സാണ് അടിച്ചുകൂട്ടിയത്. സല്‍മാന്‍ 24 പന്തുകളില്‍ നിന്ന് 42 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
190 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സര്‍വീസസ് മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന സര്‍വീസസ് അവസാന പന്തില്‍ മത്സരം കൈവിട്ടു. സര്‍വീസസിനായി രോഹില്ല (41), വികാസ് ഹത്ത്‌വാല (40) നകുല്‍ ശര്‍മ (21) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിന് വിജയം നഷ്ടമായി.
കേരളത്തിനായി ബേസില്‍ തമ്പി, വിനോദ് കുമാര്‍, വൈശാഖ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.