മുംബൈ:ഐ പി എല്ലിൻ്റെ താരപ്രഭയോടെ സയിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ക്രിക്കറ്റ് ടൂർണമെൻ്റിനെത്തിയ മുംബൈയെ തകർത്ത് തരിപ്പണമാക്കി കേരളം. കരുത്തരായ മുംബൈയെ എട്ട് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും തകർത്തുവിട്ടത്. മുംബൈ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 25 പന്തുകൾ ബാക്കിനിൽക്കെ കേരളം മറികടന്നു. ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിൻ്റെ രണ്ടാം ജയമാണിത്.
സ്കോർ:
മുംബൈ 196/7 ( 20)
കേരളം 201/2 (15.5 )
ടോസ് നേടിയ കേരളം മുംബൈയെ ബാറ്റിംഗിന് അയച്ചു. ശ്രീശാന്ത് ഉൾപ്പെടെയുള്ള ബൗളർമാരെല്ലാം മുംബൈ ബാറ്റ്സ്മാൻമാരുടെ പ്രഹരശേഷി അറിഞ്ഞു. നാല് ഓവറിൽ 47 റൺസാണ് ശ്രീശാന്ത് വഴങ്ങിയത്. ആദിത്യ താരെ (42), ജയ്സ്വാൾ(40), സൂര്യകുമാർ യാദവ്(38) എന്നിവർ മുംബൈയ്ക്കായി തിളങ്ങി. ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന സ്കോർ 196ൽ ഒതുക്കിയത് അവസാനഓവർ എറിഞ്ഞ ആസിഫ് ആണ്. അവസാനഓവറിൽ മൂന്ന് വിക്കറ്റാണ് ആസിഫ് വീഴ്ത്തിയത്. ജലജ് സക്സേനയും മൂന്ന് വിക്കറ്റെടുത്തു.
കൂറ്റൻ വിജയലക്ഷ്യത്തിൻ്റെ യാതൊരു ആശങ്കയുമില്ലാതെയാണ് ഓപ്പണർമാരായ മുഹമ്മദ് അസ്ഹറുദ്ദീനും റോബിൻ ഉത്തപ്പയും കേരളത്തിനായി ബാറ്റേന്തിയത്. അസ്ഹറുദ്ദീനാണ് മുംബൈ ബൗളർമാരെ കടന്നാക്രമിച്ചത്. സെഞ്ച്വറി കൂട്ടുകെട്ടും കടന്ന് ഇരുവരും മുന്നേറി. സ്കോർ 129 ൽ നിൽക്കേയാണ് ഉത്തപ്പ (33) മടങ്ങിയത്.
പിന്നാലെയെത്തിയ നായകൻ സഞ്ജു സാംസൺ, അസ്ഹറുദ്ദീന് മികച്ച പിന്തുണ നൽകി. ഒടുവിൽ 37 പന്തിൽ അസ്ഹറുദ്ദീൻ സെഞ്ച്വറി പൂർത്തിയാക്കി. ഇതിനിടെ 22 റൺസെടുത്ത സഞ്ജു പുറത്തായി. 16-ാം ഓവറിലെ അവസാന പന്തിൽ സിക്സറടിച്ച് അസ്ഹറുദ്ദീൻ കേരളത്തിന് ചരിത്ര വിജയം സമ്മാനിച്ചു. 11 സിക്സും 9 ഫോറും അടക്കം 54 പന്തിൽ 137 റൺസാണ് അസ്ഹറുദ്ദീൻ അടിച്ചുകൂട്ടിയത്.