നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഭാഗികമായി പാടിയതിൽ ഗവർണർക്ക് പ്രതിഷേധം; സർക്കാരിനെ പിന്തുണച്ച് പിണറായി വിജയൻ

വന്ദേമാതരത്തിൻ്റെ 6 വരികൾ മാത്രം, ലോക്ഭവൻ്റെ നിർദേശം പാലിക്കാതെ സഭാസമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: കേരള നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗ സമയത്ത് വന്ദേമാതരം ഗീതം മുഴുവനായി ആലപിക്കാതിരുന്നതിൽ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കടുത്ത പ്രതിഷേധം. ഇതുസംബന്ധിച്ച് സ്പീക്കറെ ഗവർണർ രേഖാമൂലം തന്റെ ശക്തമായ വിയോജിപ്പ് അറിയിച്ചു. വന്ദേമാതരം മുഴുവൻ പാടണമെന്ന രാജ്ഭവന്റെ (ലോക്ഭവൻ) കർശന നിർദ്ദേശം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ്ണമായും തള്ളുകയായിരുന്നു. തുടർന്ന് ഗീതത്തിന്റെ ആദ്യ ഭാഗം മാത്രമാണ് സഭയിൽ ആലപിച്ചത്.

വന്ദേമാതരം ഇത്തരത്തിൽ ഭാഗികമായി മാത്രം പാടിയത് ഔദ്യോഗിക പ്രോട്ടോകോൾ ലംഘനമാണെന്ന് പരസ്യമായി വിമർശിച്ച ഗവർണർ, സഭ വിട്ട ശേഷമാണ് തന്റെ അതൃപ്തി വ്യക്തമാക്കിയത്.നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി പോലീസ് ബാൻഡ് വന്ദേമാതരം ഭാഗികമായി മാത്രം വായിച്ചപ്പോൾ സഭയ്ക്കുള്ളിലെ ആകാംക്ഷ മുഴുവൻ ഗവർണറുടെ അടുത്ത നീക്കത്തിലായിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്കിടയിലും ഗവർണർ രാജേന്ദ്ര ആർലേക്കർ നയപ്രഖ്യാപന പ്രസംഗം മുഴുവനായി സഭയിൽ വായിച്ചുതീർത്തു.

വന്ദേമാതരം ഭാഗികമായി വായിച്ചാൽ മതിയെന്ന് സ്പീക്കറോടും നിയമസഭാ സെക്രട്ടറിയേറ്റിനോടും നേരിട്ട് നിർദേശിച്ചത് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ്. നയപ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന റിഹേഴ്സൽ സമയത്ത് നിയമസഭയിലെത്തിയ രാജ്ഭവൻ ഉദ്യോഗസ്ഥർ വന്ദേമാതരം മുഴുവൻ പാടണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അത് അംഗീകരിച്ചില്ല.

നേരത്തെ വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി പാടിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്ന് വി.ഡി. സതീശൻ സംഘപരിവാർ അജണ്ടയ്ക്ക് കീഴടങ്ങിയെന്നായിരുന്നു പ്രധാന പ്രതിപക്ഷമായ സി.പി.എം ആരോപിച്ചിരുന്നത്. എന്നാൽ ചടങ്ങിൽ ഗീതം മുഴുവൻ പാടുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും, സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയക്രമം ഉൾപ്പെടെയുള്ള തീരുമാനങ്ങളെടുത്തത് രാജ്ഭവൻ നേരിട്ടാണെന്നുമായിരുന്നു അന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വിശദീകരണം.

അന്നത്തെ കടുത്ത രാഷ്ട്രീയ വിവാദം കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി ഇപ്പോൾ നേരിട്ട് ഇടപെട്ട് നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം ഭാഗികമായി മാത്രം പാടിയാൽ മതിയെന്ന നിലപാട് സ്വീകരിച്ചത്.ഈ വിഷയത്തെ ബി.ജെ.പി പ്രമുഖ രാഷ്ട്രീയ ആയുധമാക്കിയപ്പോൾ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരിന് അനുകൂലമായി നിലകൊണ്ടു. വന്ദേമാതരം ഔദ്യോഗിക ചടങ്ങുകളിൽ മുഴുവൻ ആലപിക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വന്ദേമാതരം ഇരുന്ന് കേട്ടാൽ പോലും മതിയെന്നതാണ് നിലവിലുള്ള രീതി. ഗീതം നിർബന്ധപൂർവ്വം മുഴുവൻ ചൊല്ലിക്കുന്നത് ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഭരണ-പ്രതിപക്ഷ ഭേദമന്യേ വന്ദേമാതര വിഷയത്തിൽ സർക്കാരും എൽ.ഡി.എഫും ഒരേ നിലപാട് സ്വീകരിച്ചതോടെ വരുംദിവസങ്ങളിൽ സഭയ്ക്കുള്ളിലും പുറത്തും ഗവർണറും സർക്കാരും തമ്മിലുള്ള പോര് കൂടുതൽ ശക്തമാകാനാണ് സാധ്യത.

English Summary

Governor Rajendra Arlekar expressed strong protest over the partial rendering of ‘Vande Mataram’ during the policy address in the Kerala Legislative Assembly. The V.D. Satheesan government rejected the Rajbhavan’s directive to play the national song in its entirety, opting to play only the first stanza as per assembly protocol. While the BJP criticized the government’s move, Leader of the Opposition Pinarayi Vijayan backed the Chief Minister, stating that fully rendering the song is part of the RSS agenda and that standing or listening to the partial version is legally and traditionally sufficient.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News