ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി കെ.എൻ. ബാലഗോപാൽ സഭയില്‍ ; മറുപടിയുമായി വി.ഡി. സതീശൻ, ആദ്യ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സമ്മേളനത്തിൽ പ്രതിപക്ഷം സമർപ്പിച്ച ആദ്യ അടിയന്തരപ്രമേയ നോട്ടീസ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ തള്ളി. സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വിലക്കയറ്റം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. എന്നാൽ, സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഭാഗികമായി ശരിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ സമ്മതിച്ചു. വിപണിയിലെ ഈ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സർക്കാർ കുറച്ചുകഴിഞ്ഞിട്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ആഗോള സംഘർഷങ്ങളാണ് നിലവിലെ ആഭ്യന്തര വിലക്കയറ്റത്തിന് പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിപണിയിൽ കൃത്യമായ ഇടപെടൽ നടത്തുന്നതിൽ മുൻപ് ഭരിച്ച ഇടതുപക്ഷ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കേണ്ട പ്രധാന ഏജൻസിയായ സിവിൽ സപ്ലൈസ് കോർപ്പറേഷന് 3,000 കോടിയോളം രൂപയുടെ കടം ബാക്കിവെച്ചാണ് മുൻ സർക്കാർ ഒഴിഞ്ഞുപോയത്. കൃത്യമായി പറഞ്ഞാൽ 2,893 കോടി രൂപയാണ് സിവിൽ സപ്ലൈസിന് മുൻ സർക്കാർ നൽകാനുള്ളതെന്നും ഈ കടം വീട്ടിയാൽ മാത്രമേ വിപണിയിൽ കാര്യക്ഷമമായി ഇടപെടാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഡിഎഫ് സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് ഉടൻ തന്നെ ധവളപത്രം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നിരയിൽ നിന്നും മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലാണ് വിലക്കയറ്റത്തിനെതിരെ സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് സമർപ്പിച്ചത്. വിപണിയിൽ വില കുറഞ്ഞിട്ട് തീരുമാനം എടുക്കാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രായോഗികമല്ലെന്ന് കെ.എൻ. ബാലഗോപാൽ സഭയിൽ തുറന്നടിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇന്ധനവില ഉയർന്നപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്ന് ഇപ്പോൾ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ മാർച്ച് 31-ന് വിപണിയിൽ ഉണ്ടായിരുന്നതിനേക്കാൾ എത്രയോ ഭീമമായ വിലവർധനവാണ് ഓരോ നിത്യോപയോഗ സാധനങ്ങൾക്കും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില 1,883 രൂപയിൽ നിന്നും ഒറ്റയടിക്ക് 3,133 രൂപയായി വർധിച്ചതോടെ ഹോട്ടലുകൾ പലതും പ്രവർത്തിക്കാനാവാത്ത അവസ്ഥയിലായെന്ന് കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. പെട്രോൾ, ഡീസൽ വില വർധനവ് കാരണം സാധാരണക്കാരുടെ ജീവിതം ദുസ്സഹമായെന്നും നിർമ്മാണ മേഖലയിൽ സമാനമായ വലിയ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപ് പെട്രോൾ വില വർധിച്ച ഘട്ടത്തിൽ സംസ്ഥാന ടാക്സ് കുറച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടിൽ സമരം നയിച്ച ആളാണ് ഇന്നത്തെ മുഖ്യമന്ത്രി. അന്ന് പ്രതിപക്ഷ നേതാവെന്ന നിലയിൽ ശബ്ദമുയർത്തിയ വി.ഡി. സതീശൻ ഇന്ന് മുഖ്യമന്ത്രി പദവിയിലിരിക്കുമ്പോൾ വർധിച്ച അധികനികുതി ഇളവ് ജനങ്ങൾക്ക് നൽകാൻ തയ്യാറാകണമെന്നും ബാലഗോപാൽ ഓർമ്മിപ്പിച്ചു.

ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഇന്ധന നികുതിയുടെ കാര്യത്തിൽ എൽഡിഎഫിന്റെ നിലപാടിൽ മാറ്റമില്ലെന്ന് പ്രതിപക്ഷം സഭയിൽ വ്യക്തമാക്കി. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് 2018-ലും 2022-ലും ജനങ്ങൾക്ക് നികുതി ഇളവ് നൽകിയിട്ടുണ്ടെന്നും കെ.എൻ. ബാലഗോപാൽ അവകാശപ്പെട്ടു. നിലവിലെ അടിയന്തരപ്രമേയം അവതരിപ്പിച്ചതിൽ തങ്ങൾ രാഷ്ട്രീയമായി പ്രതിക്കൂട്ടിലാകുന്ന പ്രശ്നമില്ലെന്നും ചർച്ച നടന്നാൽ കേന്ദ്ര സർക്കാരിനെതിരേയും ചില കാര്യങ്ങൾ പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അത്തരം ചർച്ചകളിലൂടെ താൻ പറഞ്ഞ കാര്യങ്ങൾ പാലിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് തെളിയിക്കാൻ വി.ഡി. സതീശന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ സ്വഭാവം നോക്കുമ്പോൾ മുൻപ് പറഞ്ഞ കാര്യങ്ങളൊക്കെ വെറും വാക്കുകൾ മാത്രമാണെന്ന് തോന്നുമെന്നും വാക്കുപാലിക്കാനാണ് അദ്ദേഹം പ്രാധാന്യം നൽകേണ്ടതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ പ്രതിപക്ഷത്തിന്റെ ഈ ആരോപണങ്ങൾക്ക് മുൻ ഭരണകാലത്തെ കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകിയത്. 2016 മുതൽ 2025 ജനുവരി 31 വരെയുള്ള കാലയളവിൽ ഡീസൽ-പെട്രോൾ വിലവർധനവിന്റെ ഭാഗമായി 3,100 കോടി രൂപയുടെ അധിക വരുമാനമാണ് മുൻ സർക്കാരിന് ലഭിച്ചത്. എന്നാൽ അത്രയും തുക അധികമായി കിട്ടിയിട്ടും സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഒരു രൂപ പോലും ടാക്സ് കുറയ്ക്കാൻ മുൻ ഇടതുപക്ഷ സർക്കാർ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി സഭയിൽ തുറന്നടിച്ചു.

അന്ന് ഇന്ധന നികുതി വഴി അധിക വരുമാനം ഉണ്ടായപ്പോൾ അതിൽ നിന്നൊരു തുക ദുരിതത്തിലായ ടാക്സി, ഓട്ടോറിക്ഷാ ഡ്രൈവർമാരെ സഹായിക്കാൻ വിനിയോഗിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അന്ന് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് സഭയിൽ പറഞ്ഞത് ‘അത്തരം മണ്ടത്തരങ്ങൾ ഞങ്ങൾ കാണിക്കില്ല’ എന്നായിരുന്നു. നികുതി കുറയ്ക്കുന്ന മണ്ടത്തരങ്ങൾ ഇടതുസർക്കാർ കാണിക്കില്ലെന്ന് മുൻ ധനമന്ത്രി സഭയിൽ പ്രഖ്യാപിച്ച കാര്യം മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അന്ന് അതിനെ മണ്ടത്തരമെന്ന് വിളിച്ചവർ, ഇന്ന് തങ്ങളെ അതേ ‘മണ്ടത്തരം’ ചെയ്യാൻ വേണ്ടി ഉപദേശിക്കുകയാണോ എന്നും മുൻ സർക്കാരിന്റെ കടങ്ങൾ വീട്ടിയാൽ മാത്രമേ വിപണിയിലെ വിലക്കയറ്റം പൂർണ്ണമായി നിയന്ത്രിക്കാനാകൂ എന്നും വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രസംഗം അവസാനിപ്പിച്ചത്.

English Summary

The first adjournment motion presented by the opposition in the 16th Kerala Legislative Assembly regarding price hikes was rejected by the Speaker following Chief Minister V.D. Satheesan’s explanation. Moving the motion, opposition MLA K.N. Balagopal accused the government of failing to control skyrocketing prices of essential goods and commercial cylinders. However, Chief Minister V.D. Satheesan stated that the previous LDF government left a massive debt of ₹2,893 crore to Supplyco, crippling market intervention. He added that global conflicts in the Middle East contributed to the price hike and promised that the current government is taking strict measures to stabilize the market.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News