തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാർക്ക് നൽകിയ വാക്ക് പാലിച്ചുകൊണ്ട് ഓണറേറിയത്തിൽ 3000 രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 9000 രൂപ ഇനി മുതൽ 12,000 രൂപയായി ഉയരും. ഇതൊരു ആദ്യ ഘട്ടം മാത്രമാണെന്നും വരും ദിവസങ്ങളിൽ വിരമിക്കൽ ബെനിഫിറ്റുകളിൽ അടക്കം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് ഈ തുക വീണ്ടും വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയായി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആശ വർക്കർമാർ നേരത്തെ ശക്തമായ സമരം നടത്തിയിരുന്നു.
അംഗൻവാടി ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിർണ്ണായകമായ മറ്റ് ചില പ്രഖ്യാപനങ്ങളും ഇതോടൊപ്പം ഉണ്ടായിട്ടുണ്ട്. അംഗൻവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കും പ്രതിമാസം 1000 രൂപ വീതം വർദ്ധിപ്പിക്കും. ഇതൊരു വലിയ തുകയല്ല എന്ന് അറിയാമെന്നും എങ്കിലും ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഈ തീരുമാനം എന്നും അധികൃതർ അറിയിച്ചു. ഇതിന് പുറമെ പ്രീ-പ്രൈമറി സ്കൂൾ അധ്യാപകർക്കും സ്കൂളുകളിലെ പാചക തൊഴിലാളികൾക്കും 1000 രൂപ വീതം ഓണറേറിയത്തിൽ വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള മറ്റ് രണ്ട് പ്രധാന ഗ്യാരന്റികളും ഇതോടൊപ്പം പ്രഖ്യാപിക്കപ്പെട്ടു. വരാനിരിക്കുന്ന ജൂൺ 15 മുതൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര പദ്ധതി നിലവിൽ വരും. കൂടാതെ മുതിർന്ന പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ‘വയോജന മന്ത്രാലയം’ എന്ന പേരിൽ ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്ത് തന്നെ ഇത്തരമൊരു വകുപ്പ് ആദ്യമായാണെന്നും, ഒരു പരിഷ്കൃത സമൂഹം രൂപപ്പെടണമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും വാർത്താ സമ്മേളനത്തിൽ ഓർമ്മിപ്പിച്ചു.
The government has announced a pay hike of ₹3,000 for Asha workers, raising their monthly honorarium from ₹9,000 to ₹12,000, with promises of further increases as the financial situation improves. Additionally, Anganwadi teachers, helpers, pre-primary teachers, and noon-meal cooks will receive a monthly increment of ₹1,000. Key welfare guarantees were also unveiled, including free KSRTC bus travel for women starting June 15 and the formation of a dedicated department for senior citizens.


