ന്യൂഡൽഹ: മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് ഇഡി അറസ്റ്റ് നടത്തിയതെന്ന വാദമാണ് കെജ്രിവാൾ പ്രധാനമായും ഉന്നയിച്ചത്. അന്വേഷണമില്ലാതെയാണ് അറസ്റ്റ്. ഭാവിയിൽ കുറ്റം കണ്ടെത്താമെന്ന വാദമാണ് റിമാന്റ് റിപ്പോർട്ടിലുള്ളത്. നിലവിലെ നടപടികളിൽ പലതും സംശയകരമാണെന്നും കെജ്രിവാൾ വാദിച്ചു.
എന്നാൽ വ്യക്തമായ തെളിവുകൾ ശേഖരിച്ചെന്നും കള്ളപ്പണ ഇടപാട് സ്ഥാപിക്കാൻ ഉതകുന്ന രേഖകൾ കൈയിലുണ്ടെന്നും ഇഡിക്കായി എഎസ്ജി എസ് വി രാജു വാദിച്ചു. എഎപിയുടെ എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദി കെജ്രിവാളാണ്. മുഖ്യമന്ത്രിയായതിനാൽ അറസ്റ്റ് പാടില്ലെന്ന കെജ്രിവാളിന്റെ വാദം പരിഹാസ്യമാണ്. കേസുകളിൽ സാധാരണക്കാർ ജയിലിൽ പോകുകയാണ്. തനിക്ക് അഴിമതി നടത്താം. രാജ്യത്തെ കൊള്ളയടിക്കാം പക്ഷേ തന്നെ തൊടരുത് ഇതാണ് കെജരിവാൾ പറയുന്നതെന്ന വാദവും ഇഡി ഉയർത്തി.
സൈനിക വാഹനത്തിന് തീവ്രവാദിയായ രാഷ്ട്രീയക്കാരൻ തീയിട്ടാൽ തെരഞ്ഞെടുപ്പ് മത്സരിക്കുന്നത് കൊണ്ട് അയാളെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നതിന് സമാനമാണ് കെജരിവാൾ ഉയർത്തുന്ന വാദമെന്നും എസ് വി രാജു പരാമർശം നടത്തി.
ഇതിൽ സിംഗ് വി പ്രതിഷേധം അറിയിച്ചു. ഇതിനിടെ ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡിയെ ഉപയോഗിച്ച് ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന അതീഷി മർലേനയുടെ പ്രസ്താവനയിൽ ബിജെപി വക്കീൽ നോട്ടീസ് അയച്ചു. വ്യാജആരോപണത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും ബിജെപി അറിയിച്ചു.