KeralaNews

ജലീലിനും സജി ചെറിയാനും ഒരേ നിഘണ്ടു,മന്ത്രിവാക്കുകളില്‍ മിതത്വം പാലിക്കണമെന്ന് കെ.സി.ബി.സി

കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ പരിഹസിച്ച മന്ത്രി സജി ചെറിയാനും മുന്‍മന്ത്രി കെ.ടി. ജലീലിനുമെതിരേ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി. ഔദ്യോഗികസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്ന് കെ.സി.ബി.സി. വക്താവ് ഫാദര്‍ ജേക്കബ് ജി. പാലക്കാപ്പള്ളി പറഞ്ഞു. സജി ചെറിയാനും കെ.ടി. ജലീലും ഒരേ നിഘണ്ഡുവാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

സംസ്ഥാനത്തെ ഒരു മന്ത്രി, അദ്ദേഹം സംസ്ഥാനത്തെ അല്ലെങ്കില്‍ രാജ്യത്തെ ഉന്നതമായ സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തികളെ അഭിസംബോധന ചെയ്ത് അവരെ വിമര്‍ശിക്കുമ്പോള്‍ പോലും ഉപയോഗിക്കുന്ന പദങ്ങള്‍ വളരെ സഭ്യമായിരിക്കണം.

കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചവിധം മാന്യമായ പദങ്ങള്‍ കൊണ്ട് വിമര്‍ശിക്കാനുള്ള അവകാശം ആര്‍ക്കും ഉണ്ട്. അത്തരം വിമര്‍ശനങ്ങളാണ് ഇത്തരം സ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍നിന്ന് നാം പ്രതീക്ഷിക്കുന്നത്, ഫാദര്‍ ജേക്കബ് ജി. പാലക്കാപ്പള്ളി പറഞ്ഞു.

വൈന്‍ കുടിച്ചാല്‍ രോമാഞ്ചമുണ്ടാകുന്നവരാണ് മെത്രാന്മാര്‍ എന്ന രീതിയില്‍ അപഹസിച്ച് സംസാരിക്കുന്നത് സംസ്ഥാനത്തെ ഒരു മന്ത്രിക്ക് യോജിച്ചതാണോ എന്ന് അദ്ദേഹം ചിന്തിക്കണം. അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ച രീതിക്കുവേണം അദ്ദേഹം ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍. അദ്ദേഹം ഒരു മന്ത്രിയാണ്. സാധാരണക്കാരനല്ല. അപ്പോള്‍ ഔന്നത്യമുള്ള സ്ഥാനത്തിരിക്കുന്ന ആള്‍ ഔന്നത്യത്തിന് യോജിച്ച വിധം പ്രതികരിക്കണം.

കെ.സി.ബി.സി. നടത്തിയ ക്രിസ്മസ് വിരുന്നിനെ കുറിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍ ഒരു പ്രസ്താവന നടത്തി. ഈ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ ഉപയോഗിക്കുന്ന നിഘണ്ടു എല്ലാം ഒന്നാണെന്ന് തോന്നുന്നു. അതുകൊണ്ട് അത്തരം നിഘണ്ടു ഉപയോഗിച്ചിട്ടാണ് അവര്‍ പാര്‍ട്ടി ക്ലാസില്‍ പങ്കെടുക്കുന്നത്.

അത്തരം നിഘണ്ടു ഉപയോഗിക്കുന്നവരില്‍നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാന്‍ വയ്യ. എങ്കിലും സംസ്‌കാരമുള്ള ഒരു സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ ഉന്നതമമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ വളരെ ഔചിത്യപൂര്‍ണമായ പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടുവേണം വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍, ഫാദര്‍ പാലക്കാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button