26.3 C
Kottayam
Saturday, November 16, 2024
test1
test1

ഭീഷ്മപർവം ക്രൈസ്തവവിരുദ്ധം; വിമർശിച്ച് കെ.സി.ബി.സി മാസിക

Must read

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ അമല്‍ നീരദ് ഒരുക്കിയ ഭീഷ്മ പര്‍വ്വം എന്ന സിനിമയെ വിമര്‍ശിച്ച് കെസിബിസി. ചിത്രത്തിലെ ചില രംഗങ്ങള്‍ക്കും ഡയലോഗുകള്‍ക്കുമെതിരെ കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രത ന്യൂസിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ക്രൈസ്തവ വിരുദ്ധ സിനിമയാണ് ഭീഷ്മപര്‍വമെന്ന് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്ന ലേഖനത്തില്‍ ജാഗ്രത ന്യൂസ് ആരോപിക്കുന്നു. നിഷേധാത്മകമായ പരിവേഷം നല്‍കി ക്രൈസ്‍തവ വിശ്വാസത്തിനും ക്രൈസ്‍തവ സമൂഹത്തിന്‍റെ അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന ചിത്രങ്ങള്‍ക്ക് ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ചിത്രമെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂർണ രൂപം

മലയാള സിനിമയിലെ ട്രോജൻ കുതിരകൾ

(കെസിബിസി ജാഗ്രത ന്യൂസ് മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ച നിരീക്ഷണം)

ചർച്ച ചെയ്തു പുതുമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മലയാള സിനിമയിലെ ക്രൈസ്തവ വിരുദ്ധത. ക്രിയാത്മക വിമർശനങ്ങൾക്കപ്പുറം നന്മകളെയും ചരിത്രത്തെയും സത്യത്തെയും തമസ്കരിച്ചുകൊണ്ടുള്ള അന്ധമായ വിമർശനങ്ങളും പഴിചാരലുകളും, നിഷേധാത്മക ബിംബങ്ങളെ പ്രോജക്ട് ചെയ്തുകൊണ്ടുള്ള അവഹേളനങ്ങളും, വിരുദ്ധമായ ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള ഇകഴ്ത്തിക്കാണിക്കലുകളും ഒരു വിഭാഗം ചലച്ചിത്രങ്ങളിൽ പതിവായി ദൃശ്യമായി തുടങ്ങിയപ്പോഴാണ് ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങൾ ഈ മേഖലയിലുണ്ട് എന്ന് പലർക്കും വ്യക്തമായത്.

ഒളിഞ്ഞും തെളിഞ്ഞുമുള്ള ക്രൈസ്തവ വിരുദ്ധത, അവഹേളനം

ക്രൈസ്തവ വിശ്വാസത്തെ പൊതുവിലും, പ്രത്യേകിച്ച് സന്യാസിനിമാരെയും, വൈദികരെയും, കൂദാശകളെയും അവഹേളനപരമായി ചിത്രീകരിച്ച ഒട്ടേറെ ചലച്ചിത്രങ്ങൾ കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഉപരിപ്ലവമായ ചില ആശയങ്ങളെയും അറിവുകളെയും മാത്രം ആശ്രയിച്ചുകൊണ്ടും, കൂടുതൽ അന്വേഷണങ്ങൾക്കോ നിരീക്ഷണത്തിനോ തുനിയാതെയും അവതരിപ്പിക്കപ്പെട്ടിട്ടുള്ള കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളും ഉണ്ടായിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അപകീർത്തിപ്പെടുത്തുക എന്ന ലക്‌ഷ്യം അവയുടെ സൃഷ്ടാക്കൾക്ക് ഉണ്ടെന്ന് അനേകർ വിശ്വസിക്കാൻ പ്രധാന കാരണം ഇത്തരം സിനിമകൾ ഒറ്റപ്പെട്ടവയല്ല എന്നുളളതാണ്. ഒരേ തരത്തിൽപ്പെട്ടതും വികലവുമായ വ്യത്യസ്ത ആശയങ്ങൾ ആവർത്തിച്ച് അവതരിപ്പിക്കപ്പെടുന്നതിലൂടെ വികൃതമായ ഒരു പ്രതിച്ഛായ ക്രൈസ്തവ സമൂഹത്തിൽ അടിച്ചേൽപ്പിക്കാനുള്ള നിരന്തര ശ്രമം തന്നെയാണ് ഇവിടെ നടക്കുന്നത് എന്ന് കരുതുന്നതിൽ തെറ്റില്ല.

മെത്രാന്മാരെയും വൈദികരെയും ചലച്ചിത്രങ്ങളിൽ അവതരിപ്പിച്ചിട്ടുള്ള ഒട്ടേറെ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വിരലിലെണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മാത്രമാണ് അവയിൽ ഉൾപ്പെട്ടിട്ടുള്ളത്. സന്യാസിനിമാരെ അവതരിപ്പിച്ചിട്ടുള്ളതിൽ ഏറിയപങ്കും യഥാർത്ഥ സന്യസ്തരുടെ പ്രതിച്ഛായ ഉള്ളവരായിരുന്നില്ല. ക്രൈസ്തവ ദേവാലയങ്ങളും ആരാധനയും കൗദാശിക കർമ്മങ്ങളും സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളതിൽ ഏറിയ പങ്കും ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിക്കും വിധത്തിലാണ്. കത്തോലിക്കാ ദേവാലയങ്ങൾ സിനിമകളുടെ ചിത്രീകരണത്തിന് വിട്ടുകൊടുക്കേണ്ടതില്ല എന്ന നിലപാടിലേക്ക് കേരളസഭാ നേതൃത്വം എത്തിച്ചേരാനുള്ള ഒരു പ്രധാനകാരണം അതാണ്. ഗൗരവമായ ഒരു വിഷയം അവതരിപ്പിക്കാൻ എന്നുള്ളതിനേക്കാൾ, വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനോ മനഃപൂർവ്വം അവഹേളിക്കാനോ ആണ് ക്രൈസ്തവ ബിംബങ്ങളെയും അത്തരം വേഷവിധാനങ്ങളെയും മലയാള ചലച്ചിത്രങ്ങളിൽ ഏറിയപങ്കും അവതരിപ്പിച്ചുകാണാറുളളത്. ഇത്തരം അവതരണങ്ങൾ പതിവായതുനിമിത്തം ക്രൈസ്തവവിശ്വാസത്തെയും, ജീവിത – ആരാധനാ ശൈലികളെയും അടുത്തറിയാത്ത അനേകർക്കിടയിൽ വലിയ തെറ്റിദ്ധാരണകൾ കടന്നുകൂടുകയും തൽഫലമായി, മോശമായ കണ്ണിലൂടെയും തെറ്റിദ്ധാരണകളോടെയും അത്തരം കാര്യങ്ങളെ നോക്കിക്കാണാൻ ഇടയാവുകയും ചെയ്തിട്ടുണ്ട്.

ട്രോജൻ കുതിരകൾ

വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനുള്ള എളുപ്പവഴി എന്ന നിലയിൽ ക്രൈസ്തവ ബിംബങ്ങളെ അവഹേളിക്കുന്ന ശൈലിയിൽനിന്ന് വ്യത്യസ്തമായി, കഥയുടെ ഭാഗമായിത്തന്നെ അത്തരം ആശയങ്ങളെ കൊണ്ടുവരികയും നിഷേധാത്മകമായ പരിവേഷം നൽകി ക്രൈസ്ത വിശ്വാസത്തിനും ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനത്തിനും വലിയ ക്ഷതം വരുത്തുകയും ചെയ്യുന്ന ചലച്ചിത്രങ്ങളും അപൂർവമല്ല. അതിന് കാരണമാകുന്ന വിധത്തിലുള്ള നീക്കങ്ങളെ ഒരിക്കലും നിഷ്കളങ്കമോ യാദൃശ്ചികമോ ആയി കാണാൻ കഴിയുകയുമില്ല. അത്തരം അവതരണങ്ങൾക്ക് മികച്ചൊരു ഉദാഹരണമാണ് സമീപകാലത്ത് റിലീസ് ചെയ്ത “ഭീഷ്മപർവ്വം” എന്ന സിനിമ. വളരെ വ്യാപ്തിയുള്ള ഒരു ക്രൈസ്തവ പ്രാതിനിധ്യം ആദ്യന്തം അവതരിപ്പിക്കപ്പെടുന്ന ഈ ചലച്ചിത്രത്തിൽ എല്ലാത്തരത്തിലുള്ള തിന്മകളുടെയും പ്രതിരൂപങ്ങളും അവർ തന്നെയാണ്. കേവലം, ചില കഥാപാത്രങ്ങൾ മാത്രമല്ല, സന്ദർഭങ്ങളും ആശയങ്ങളും ചരിത്രാംശങ്ങളുമെല്ലാം വിരൽചൂണ്ടുന്നത് ക്രൈസ്തവ സമൂഹത്തിന്റെയും ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങളുടെയും വിവിധ തലങ്ങളിലേക്കാണ്. ഈ ചലച്ചിത്രത്തിൽ ലത്തീൻ കത്തോലിക്കാ പശ്ചാത്തലമുള്ള അഞ്ഞൂറ്റി കുടുംബത്തിലെ കാരണവർ സ്ഥാനത്തുള്ള മൈക്കിൾ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്.

ചരിത്രാംശം അടങ്ങിയിരിക്കുന്ന ഒരു വംശം കഥയുടെ ഭാഗമായുണ്ട്; ഒരു പരമ്പരാഗത ക്രൈസ്തവ കുടുംബത്തിന്റെ തികഞ്ഞ പശ്ചാത്തലമുണ്ട്; കുടുംബത്തിൽ അംഗമായ വൈദികനുണ്ട്, ദേവാലയമുണ്ട്, ആരാധനാ മുഹൂർത്തങ്ങളുണ്ട്; ഷെവലിയാർ പദവിയുമായി ബന്ധപ്പെട്ട ചർച്ചകളും, ഘടനാപരമായി കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചുമുള്ള പരാമർശങ്ങളുണ്ട്. അവതരിപ്പിക്കപ്പെടുന്ന ക്രൈസ്തവരായ കഥാപാത്രങ്ങൾ ഭൂരിപക്ഷവും തെറ്റുകാരും ക്രിമിനലുകളും തികഞ്ഞ അധാർമ്മികരും ആയിരിക്കുകയും, ഏറെക്കുറെ തികഞ്ഞ ഒരു ക്രൈസ്തവ പശ്ചാത്തലം എല്ലാവിധ കുറ്റകൃത്യങ്ങൾക്കും നൽകുകയും, അതോടൊപ്പം മറ്റൊരു സമുദായത്തെ തികഞ്ഞ നന്മയുടെ പ്രതീകമായി ആദ്യന്തം നിലനിർത്തുകയും ചെയ്തിരിക്കുന്നത് യാതൊരു ലക്ഷ്യവും കൂടാതെയാവാൻ തരമില്ല.

നീനു – കെവിൻ കേസും, കൊട്ടിയൂർ പീഡന കേസും തുടങ്ങി ചിലവയെ സാന്ദർഭികമായി കഥയുടെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗം, അതിരുവിട്ട മദ്യപാനവും പുകവലിയും, സ്വവർഗ്ഗ പ്രണയം, പരസ്ത്രീബന്ധം, കുടുംബാംഗങ്ങൾ തമ്മിലുള്ള പകയും മറ്റ് കുടുംബപ്രശ്നങ്ങളും തുടങ്ങിയവ ക്രൈസ്തവ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളാണെങ്കിൽ, ദൈവവിശ്വാസം മുതൽ മാതൃകാപരമായ ജീവിതരീതിയും സഹായസന്നദ്ധതയും പരസ്പരസ്നേഹവും മതേതരത്വ നിലപാടുകളും വരെയുള്ള എല്ലാവിധ സത്ഗുണങ്ങളുമാണ് മുസ്ളീം കഥാപാത്രങ്ങളുടെ സവിശേഷതകളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ക്രൈസ്തവ യുവതിയുടെയും മുസ്ളീം യുവാവിന്റെയും പ്രണയം കുടുംബത്തിൽ ചർച്ചാവിഷയമാവുമ്പോൾ പൂർണ്ണസമ്മതത്തോടെ അതിന് തയ്യാറാവുന്ന പെൺകുട്ടിയുടെ അമ്മയും, അമ്മയുടെ സഹോദരനും കുടുംബത്തിലെ കാരണവരുമായ നായകനും ഈ കാലഘട്ടത്തിലെ മറ്റൊരു വിവാദവിഷയത്തിനുള്ള പരോക്ഷ പ്രതികരണമായിരിക്കാം.

മധ്യകേരളത്തിലെ ഒരു പുരാതന ലത്തീൻ കത്തോലിക്കാ കുടുംബത്തെയാണ് ചലച്ചിത്രം അവതരിപ്പിക്കുന്നതെന്നുള്ളതിന് പല സൂചനകളുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ പ്രാദേശിക പശ്ചാത്തലങ്ങളാണ് പ്രധാനം. ലത്തീൻ കത്തോലിക്കർക്കിടയിൽ നിലനിന്നിരുന്ന എഴുനൂറ്റിക്കാർ, അഞ്ഞൂറ്റിക്കാർ, ഇരുനൂറ്റിക്കാർ എന്നിങ്ങനെയുള്ള വംശപ്പേരുകൾ ഓർമ്മിപ്പിക്കും വിധത്തിലുള്ള അഞ്ഞൂറ്റി കുടുംബത്തിന്റെ കഥയാണ് ഭീഷ്മപർവ്വം. വലിയ പാരമ്പര്യത്തിൽനിന്ന് വിവിധ വഴിത്തിരിവുകളിലൂടെ കടന്നുവന്ന് അന്തഃഛിദ്രം മൂലം പലരും മരിച്ചൊടുങ്ങി ഒടുവിൽ, മുസ്ളീം സ്ത്രീയെ വിവാഹം ചെയ്തതും വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടതുമായ ഒരു കുടുംബാംഗത്തിന്റെ, മുസ്ലീമായി ജീവിക്കുന്ന മകൻ അഞ്ഞൂറ്റി കുടുംബത്തിലെ കാരണവരുടെ പിന്തുടർച്ചാവകാശവും കുടുംബത്തിന്റെ പ്രതാപവും ഏറ്റെടുക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.

കഥാപാത്രങ്ങൾക്കും കഥാ സന്ദർഭങ്ങൾക്കും പുറമെ, ക്രൈസ്തവ വിരുദ്ധത നിറഞ്ഞുനിൽക്കുന്നതും അവഹേളനപരവുമായ സംഭാഷണങ്ങളും സിനിമയിൽ ഉടനീളമുണ്ട്. ചില ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്ലാമിക നീക്കങ്ങൾക്കെതിരായി ഉയർന്നിട്ടുള്ള ശബ്ദങ്ങൾക്ക് മറുപടി എന്നവണ്ണം ചില ഡയലോഗുകൾ ഇടയ്ക്കുണ്ട്. കഥാഗതിയും, അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സന്ദർഭങ്ങളും കഥാപാത്രങ്ങളും, എഴുതപ്പെട്ടിട്ടുള്ള ഡയലോഗുകളും അതിന്റെ ശൈലിയും നിരീക്ഷിച്ചാൽ ക്രൈസ്തവ വിരുദ്ധത സിനിമയുടെ ഒരു പ്രധാന അജണ്ട തന്നെയാണെന്ന് കാണാവുന്നതാണ്. സമഗ്രമായ രീതിയിൽ വിലയിരുത്തിയാൽ, ഇസ്ലാമിക – ക്രൈസ്തവ വിവാദ വിഷയങ്ങളെ തുടർന്ന് ഈ സമൂഹത്തിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക ധ്രുവീകരണത്തിന്റെ ഉപോല്പന്നമാണ് ഈ സിനിമ എന്ന് കരുതുന്നതിൽ തെറ്റില്ല. സമീപകാലങ്ങളിൽ പലപ്പോഴായി ഉയർത്തിക്കാണിക്കപ്പെട്ടിട്ടുള്ള വിവിധ ആശങ്കകളുമായി ബന്ധപ്പെട്ട് വിപരീത ആശയം ഒളിച്ചുകടത്തുന്ന ട്രോജൻ കുതിരയാണ് ഈ ചലച്ചിത്രം.

അടുത്തകാലത്ത് പുറത്തിറങ്ങിയ കാവൽ എന്ന ചലച്ചിത്രത്തിലും ഒരു വൈദികനെ വില്ലനായി അവതരിപ്പിക്കുകയും ക്രൈസ്തവർ പരിപാവനമായി കരുതുന്ന ദേവാലയം കൊലപാതകത്തിന് വേദിയാക്കി ചിത്രീകരിക്കുകയും, ഒപ്പം, വാസ്തവവിരുദ്ധവും അവഹേളനപരവുമായ ചില പരാമർശങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇതുവരെ എന്നതിനേക്കാൾ, ചലച്ചിത്ര രംഗത്തുനിന്ന് ഇനിയും ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. കാലം കഴിയുംതോറും കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്ന ദുഷ്പ്രചരണങ്ങളും, അവഹേളനങ്ങളും ഇനിയും രൂക്ഷമായി തുടരും എന്നുള്ളതാണ് കൂടുതൽ തെളിവാർന്ന ഇത്തരം നീക്കങ്ങൾ നൽകുന്ന സൂചന. അതിന്റെ ഭാഗമായി ക്രൈസ്തവ സമൂഹത്തിന്റെ ഭാഗത്തുനിന്നും രൂക്ഷമായ പ്രതികരണങ്ങൾ വന്നുതുടങ്ങിയിരിക്കുന്നു എന്നുള്ളത് ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ചലച്ചിത്രമേഖലയിലെ അരാജകത്വം തുടരുന്നപക്ഷം വലിയ സാമൂഹിക പ്രശ്നങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും അത് കാരണമായേക്കാം.

സാമൂഹ്യ വ്യവസ്ഥിതിക്കും, സംസ്കാരത്തിനും, കേവല ധാർമ്മികതയ്ക്കും വിരുദ്ധമായി തങ്ങളുടെ ആശയപ്രചാരണത്തിനായി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു വർഗ്ഗം ഇവിടെ ശക്തിപ്രാപിക്കുന്നത് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെയും മതേതരത്വത്തിന്റെയും ആവശ്യമാണ്. ഇത്തരം ഗൂഢ ശ്രമങ്ങളെയും മാറ്റങ്ങളെയും തിരിച്ചറിഞ്ഞ് ഇടപെടലുകൾ നടത്താൻ സർക്കാരുകളും, നിയമ നീതിന്യായ വ്യവസ്ഥിതികളും തയ്യാറാകണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സഞ്ജുവും തിലകും കത്തിക്കറി;പഴങ്കഥയായത്‌ നിരവധി റെക്കോഡുകൾ

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടി20-യില്‍ സഞ്ജു സാംസണും തിലക് വര്‍മയും ചേര്‍ന്ന് മാസ്മരിക പ്രകടനമാണ് നടത്തിയത്. ഇരുവര്‍ക്കും സെഞ്ചുറി എന്നതിനോടൊപ്പം ഇരുവരും ചേര്‍ന്ന് 210 റണ്‍സിന്റെ കൂട്ടുകെട്ടുമുയര്‍ത്തി. ടി20-യിലെ നിരവധി റെക്കോഡുകള്‍...

മണിപ്പൂരില്‍ കൈക്കുഞ്ഞുൾപ്പെടെ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ ജീർണിച്ച നിലയിൽ

ഇംഫാൽ: മണിപുർ -അസം അതിർത്തിയിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മണിപുരിലെ ജിരിബാമിൽ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങൾ...

പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം:ബോംബെ ഹൈക്കോടതി

മുംബൈ: പതിനെട്ടുവയസ്സിന് താഴെയുള്ള ഭാര്യയുമായി സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗക്കുറ്റമാണെന്ന് ബോംബെ ഹൈക്കോടതി. കുറ്റത്തിന് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റക്കാരനാണെന്ന് വിധിച്ച സെഷൻസ്...

ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് ഒഴിവാക്കി; പണം ഉപയോഗിച്ച് റോഡ് നന്നാക്കി ക്ഷേത്ര കമ്മിറ്റി

കാസര്‍ഗോഡ്‌: ഉത്സവത്തിന് വെടിക്കെട്ട് ഒഴിവാക്കി. ആ പണമുപയോഗിച്ച് റോഡ് നന്നാക്കി കാഞ്ഞങ്ങാട് ലക്ഷ്മി വെങ്കടേശ ക്ഷേത്ര കമ്മിറ്റി. നഗരമധ്യത്തിലെ രണ്ടു കിലോമീറ്റർ റോഡിലെ 60 ലേറെ കുഴികളാണ് ജെല്ലിയും കരിങ്കൽപ്പൊടിയുമുപയോഗിച്ച് നികത്തിയിത്. ജെല്ലി...

മരണവീട്ടിൽ ജനറേറ്ററിന് തീപിടിച്ച് 55-കാരി മരിച്ചു; മൂന്നുപേർക്ക് പൊള്ളലേറ്റു

കോയമ്പത്തൂർ: മരണവീട്ടിൽ ഉപയോഗിച്ച ജനറേറ്ററിന് തീപിടിച്ച് പൊള്ളലേറ്റ സ്ത്രീ മരിച്ചു. മൂന്നുപേർ പൊള്ളലേറ്റ് കോയമ്പത്തൂർ മെഡിക്കൽകോളേജിൽ ചികിത്സയിലാണ്. കോയമ്പത്തൂർ നഗരത്തിലെ ഗണപതി ജെ.ആർ.ജി. നഗറിൽ മുരുക സുബ്രഹ്മണ്യത്തിന്റെ ഭാര്യ പത്മാവതി (55) ആണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.