തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കം. കൊട്ടാരക്കര വാളകത്തെ വീട്ടില്‍ മന്ത്രിയെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടെന്നും, ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും, തന്റെ ഫോണ്‍ തട്ടിയെടുക്കാന്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ശ്രമിച്ചെന്നുമാണ് ബിന്ദു മേനോന്റെ പ്രധാന ആരോപണങ്ങള്‍.
മന്ത്രിയെ കണ്ടപ്പോള്‍, അവിടെയുണ്ടായിരുന്ന ഒരു സ്ത്രീയെ കാറില്‍ കയറ്റി കൊണ്ടുപോയതായും ബിന്ദു വെളിപ്പെടുത്തി. താന്‍ പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ തട്ടിയെടുക്കാന്‍ മന്ത്രിയുടെ സ്റ്റാഫ് ശ്രമിച്ചതായുമാണ് ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച പ്രധാന ആരോപണം. ബന്ധുവായ ആര്‍. ശ്രീലേഖയുടെ നിര്‍ദ്ദേശപ്രകാരം 112-ല്‍ വിളിച്ച് സഹായം തേടിയെങ്കിലും, സ്ഥലത്തെത്തിയ പോലീസ് മന്ത്രിയുടെ സ്വാധീനത്തിന് വഴങ്ങി ഇടപെടാതെ മടങ്ങിയെന്ന് ബിന്ദു പരാതിപ്പെട്ടു. പോലീസ് വന്നപ്പോള്‍ മന്ത്രി ഉള്ളിലേക്ക് ഓടിയെന്നും ബിന്ദു ആരോപിക്കുന്നു. നടന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടുണ്ടെന്നും, ഈ വിവരങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ താല്പര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ ഭാര്യയ്ക്ക് പോലും നീതി ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ചോദിച്ചു വാങ്ങണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എന്തിനാണ് അന്ന് ഗണേഷിന്റെ രാജി ആവശ്യപ്പെട്ടതെന്ന് ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഒരു സ്ത്രീ ആക്രമിക്കപ്പെട്ടിട്ടും പോലീസ് നിസ്സംഗത പാലിച്ചത് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. ‘5000 പേരെ പ്രണയിക്കുന്നത് വ്യക്തിപരമായ കാര്യമാണ്’ എന്ന മന്ത്രിയുടെ മറുപടി അംഗീകരിക്കാനാവില്ലെന്നും സ്ത്രീയുടെ പരാതി ഗൗരവമുള്ളതാണെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു. കെ.എസ്.യു. പ്രസിഡന്റ് ഉന്നയിച്ച ഒരു ആരോപണം മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഭാര്യയെ മര്‍ദിച്ചുവെന്നതാണ്.
മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് മന്ത്രിയുടെ ഭാര്യയെ ആക്രമിച്ചു. മുറിയില്‍ അടച്ചുപൂട്ടിയിട്ട് മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. അവര്‍ ഉറക്കെ വിളിച്ചു. പൊലീസിനെ വിളിച്ചു. പൊലീസ് വന്നിട്ട് എന്താണ് സംഭവിച്ചതെന്നോ, പരിക്കു പറ്റിയിട്ടുണ്ടോ എന്നൊന്നും അന്വേഷിച്ചില്ല. ഇതെന്തു പൊലീസാണ്?. ഏതു സ്ത്രീയ്ക്കാണ് ഈ പൊലീസിനെക്കൊണ്ട് കേരളത്തില്‍ സുരക്ഷ കിട്ടുന്നത്?. മന്ത്രിയുടെ ഭാര്യയാണെന്ന് ഓര്‍ത്ത് പൊലീസ് പേടിച്ച് ഓടിയതാണോയെന്നും വിഡി സതീശന്‍ ചോദിച്ചു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം. എല്ലാക്കാര്യത്തിലെയും പോലെ മൗനം തുടരാന്‍ ഈ കാര്യത്തില്‍ പറ്റില്ല. കാരണം സ്ത്രീ സുരക്ഷയുടെ ഏറ്റവും ടോപ്പിലുള്ള ആളാണെന്നും പറഞ്ഞ് കപ്പും പിടിച്ച് ഇരിക്കുന്ന ആളാണ്. അതെല്ലാം പി ആര്‍ ആയിരുന്നു, പ്രചാരണം ആയിരുന്നു എന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിയുടെ ഭാര്യ പരാതി പറഞ്ഞാല്‍ അത് യുഡിഎഫ് പറഞ്ഞതാകുന്നതെങ്ങനെ?. ഞങ്ങള്‍ പോയി മന്ത്രിയുടെ ഭാര്യയുമായി ഗൂഢാലോചന നടത്തി പരാതി പറഞ്ഞതാണെന്നാണോ പറയുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു.
മന്ത്രിമാരുടെ ഭാര്യമാരോട് ഭര്‍ത്താവിനെതിരെ പറയാന്‍ പറയലാണോ യുഡിഎഫിന്റെ ജോലി?. അവരുടെ കുടുംബത്തില്‍ ഉണ്ടായ സംഭവമാണ്. മന്ത്രിയുടെ ഭാര്യ തന്നെ പുറത്തു പറഞ്ഞതിനുശേഷമാണ് പ്രതിപക്ഷം പ്രതികരിച്ചത്. മന്ത്രിയുടെ ഭാര്യ തന്നെയാണ് പൊലീസിന്റെ അനാസ്ഥയെക്കുറിച്ച് പറഞ്ഞത്. ഇതെന്തൊരു മന്ത്രിസഭയാണ്. അവര്‍ക്ക് നാണമില്ലെങ്കിലും നമുക്ക് നാണമായിട്ട് വയ്യ. ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസ് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് നോക്കുകയാണ്. മുഖ്യമന്ത്രി എന്തു പറയുന്നു എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു
ഗണേഷിനെതിരായ ആരോപണങ്ങള്‍ നിസ്സാരമായി കാണില്ലെന്നാണ് എല്‍.ഡി.എഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദം വരും ദിവസങ്ങളില്‍ ശക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ എല്ലാ തെളിവുകളും കൈവശമുണ്ടെങ്കിലും നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ഭാര്യ ബിന്ദു മേനോന്‍ വ്യക്തമാക്കി. ഗണേഷ് കുമാറിന്റെ ആദ്യ പ്രതികരണത്തിന് പിന്നാലെയാണ് ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചത്.
ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് അവര്‍ അറിയിച്ചു. 112-ലേക്ക് വിളിക്കുന്നവര്‍ ഭ്രാന്തന്മാരാണോ എന്നും ബിന്ദു ചോദിച്ചു. താന്‍ പാലക്കാട്ടെ വീട്ടിലാണ് കഴിയുന്നതെന്നും ആരുടെയും സംരക്ഷണം ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബന്ധുവായതുകൊണ്ടാണ് ആര്‍. ശ്രീലേഖയെ വിളിച്ചതെന്നും ഇതുവരെ ഗണേഷ് കുമാര്‍ തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ബിന്ദു മേനോന്‍ വെളിപ്പെടുത്തി.
വിവാദങ്ങളോട് ശക്തമായി പ്രതികരിച്ച മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, തനിക്ക് ഒന്നല്ല അയ്യായിരം പ്രണയങ്ങളുണ്ടെന്നും എല്ലാം സ്‌നേഹമാണെന്നും പറഞ്ഞു. പ്രണയമില്ലാത്തവന്‍ പൊട്ടനാണെന്നും തലയ്ക്ക് അസുഖം കാണുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എപ്പോഴും വീട്ടില്‍ നിന്ന് തന്നെയാണ് തനിക്ക് ശത്രുക്കളുണ്ടാകുന്നതെന്നും മന്ത്രി ആരോപിച്ചു.
പത്തനാപുരത്ത് മത്സരിച്ചപ്പോള്‍ തന്റെ മുന്‍ ഭാര്യ 25 പേജുള്ള പുസ്തകം അടിച്ചിറക്കി കുടുംബ കോടതിയില്‍ നല്‍കിയിരുന്നുവെന്നും വീടുകളില്‍ വിതരണം ചെയ്തിരുന്നുവെന്നും ഗണേഷ് കുമാര്‍ വെളിപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അത്ര അധഃപതനം തനിക്ക് ഉണ്ടായിട്ടില്ലെന്നും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശരിയാണെങ്കിലും തെറ്റാണെങ്കിലും തള്ളിക്കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വ്യക്തി ജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും നിലവിലെ ആരോപണങ്ങള്‍ തന്റെ ഭൂരിപക്ഷം കൂട്ടുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Following serious allegations by Bindu Menon, wife of Transport Minister K.B. Ganesh Kumar, political tension has escalated in Kerala with demands for the minister’s resignation. Bindu Menon claimed to have witnessed the minister in an unnatural situation at their Valakam residence, adding that she possesses video evidence and that the minister’s personal staff allegedly attempted to snatch her phone to destroy proof.

