‘കുഞ്ചൻ നമ്പ്യാർ നേരത്തേ മരിച്ചത് നന്നായി, അല്ലെങ്കിൽ ഒരുപാട് ചീത്ത കേൾക്കേണ്ടി വന്നേനെ’- ഗണേഷ്കുമാർ

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പരാമര്‍ശത്തിന് പിന്നാലെയുണ്ടായ സൈബര്‍ അധിക്ഷേപത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. തമാശയെ പോലും വൈരാഗ്യബുദ്ധിയോടെ കാണുന്നവരെ ഒന്നുംചെയ്യാനാകില്ലെന്നും കുഞ്ചന്‍ നമ്പ്യാര്‍ നേരത്തേ മരിച്ചത് നന്നായി അല്ലെങ്കില്‍ ഒരുപാട് ചീത്ത കേള്‍ക്കേണ്ടി വന്നേനെ എന്നും മന്ത്രി പറഞ്ഞു.

ആര്‍ക്കും ആരെയും വ്യക്തിഹത്യ ചെയ്യാം എന്ന ഒരു കാലത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. അതൊക്കെ ഗൗരവമായി എടുത്തിരുന്ന കാലം പോയി. പണ്ടുകാലത്ത്, വ്യക്തിഹത്യ ഏല്‍ക്കേണ്ടി വന്നതിന്റെ പേരില്‍ ആത്മഹത്യ ചെയ്തിട്ടുള്ള ആളുകളുണ്ട് നമ്മുടെ നാട്ടില്‍. ഇപ്പോള്‍ അതല്ല സ്ഥിതി. രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള രോഗികളുടെ അധിക്ഷേപത്തിന് ഇരയാകുമെന്നും മന്ത്രി പറഞ്ഞു.

പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും പൊതുരംഗത്ത് നില്‍ക്കുമ്പോള്‍ ഇതുപോലെയുള്ള ചില രോഗികളുടെ അധിക്ഷേപത്തിന് ഇരയാകും. എന്നുവെച്ച് സത്യം പറയാതിരിക്കാന്‍ പറ്റില്ലല്ലോ. തമാശ പറഞ്ഞാല്‍ അത് വൈരാഗ്യബുദ്ധിയോടെയാണ് ചിലര്‍ കാണുന്നതെന്നും കുഞ്ചന്‍ നമ്പാര്‍ നേരത്തേ മരിച്ചത് നന്നായി, അല്ലെങ്കില്‍ അദ്ദേഹം എത്രയോ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നേനെ എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കുഞ്ചന്‍ നമ്പ്യാര്‍ നേരത്തേ മരിച്ചല്ലോ എന്നതില്‍ സന്തോഷമേയുള്ളൂ, അതുകൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു. തമാശ പറഞ്ഞാല്‍ അത് മനസിലാകാതെ, വൈരാഗ്യബുദ്ധിയോടെ മറുപടി പറയുന്ന ആളുകളോട് എന്ത് പറയാനാണ്, മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News