കായംകുളം: ആലപ്പുഴ കായംകുളം എരുവയിൽ യുവതി വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കൊലപാതകമെന്ന് സംശയം. സംഭവശേഷം ഭർത്താവ് ഒളിവിൽപ്പോയി. എരുവ കിഴക്ക് ശ്രീനിലയം വീട്ടിൽ വാടകയ്ക്ക് താമസിച്ചു വന്ന മാവേലിക്കര തെക്കേക്കര വാത്തികുളം ശാന്താഭവനത്തിൽ പ്രശാന്തിന്റെ ഭാര്യ അശ്വതി എന്ന ലൗലിയെയാണ് (34) ഇന്ന് രാവിലെ വീടിന്റെ സ്വീകരണ മുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. കഴുത്തിൽ പാടുകൾ ഉണ്ട്. വായിൽ നിന്ന് രക്തം വാർന്ന നിലയിലുമായിരുന്നു.
രണ്ടു ദിവസം മുമ്പ് ലൗലിയുടെ വീട്ടിൽ പോയിരുന്ന മക്കൾ ഇന്ന് രാവിലെ തിരികെയെത്തി കതക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് അയൽവാസികൾ ഉടൻ കായംകുളം പൊലീസിനെ വിവരം അറിയിച്ചു. പ്രശാന്ത് ശനിയാഴ്ച പുലർച്ചെ വരെ വീട്ടിലുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. ലൗലിയെ കൊലപ്പെടുത്തിയശേഷം ഇയാൾ ഒളിവിൽപ്പോയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രശാന്ത് കൊലപ്പെടുത്തിയതാണെന്ന് ലൗലിയുടെ ബന്ധുക്കളും ആരോപിച്ചു. ഇരുവരും തമ്മിൽ സ്വരച്ചേർച്ചയിൽ ആയിരുന്നില്ല. കായംകുളത്ത് ഒരു സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലി ചെയ്തു വരികയായിരുന്നു ലൗലി. ആലപ്പുഴയിൽ നിന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ എത്തി തെളിവെടുപ്പ് നടത്തി.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. പ്രശാന്തിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ചാരുംമൂട്ടിലാണ് ഇയാളുടെ ടവർ ലൊക്കേഷൻ അവസാനമായി കണ്ടത്.
പ്രശാന്തിന്റെ മർദ്ദനത്തിനെതിരെ ലൗലി നേരത്തെയും മാവേലിക്കര, കുറത്തികാട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. മുമ്പ് ചെന്നൈയിലായിരുന്ന ഇരുവരും കായംകുളത്ത് താമസത്തിനെത്തിയിട്ട് നാലുമാസത്തോളമേ ആയിരുന്നുള്ളൂ.
കന്യാകുമാരി, തിരുപ്പൂർ എന്നിവിടങ്ങളിൽ പ്രശാന്തിന്റെ പേരിൽ അടിപിടിക്കേസുകൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്.