കൊച്ചി:നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യ മാധവനെ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. നിയമോപദേശത്തിന്റെ പശ്ചാത്തലത്തില്‍ ഐജി പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നാണ് വീട്ടിലെത്തി ചോദ്യം ചെയ്യുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് എത്തിയത് ( Kavya will be questioned at home ).
വധഗൂഢാലോചന കേസില്‍ പ്രതികളായ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും സഹോദരന്‍ അനൂപിന്റെയും വീട്ടില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചു. ചോദ്യം ചെയ്യലിനായി നാളെ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്.
കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരിഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു. ഇത് മറികടന്ന് ക്രൈംബ്രാഞ്ച് തീരുമാനപ്രകാരം ഇഷ്ടമുള്ള സ്ഥലത്ത് വച്ച് ചോദ്യം ചെയ്താല്‍ കോടതിയില്‍ തിരിച്ചടി ലഭിക്കുമെന്ന വിലയിരുത്തലിലാണ് നടപടി.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതിൽ ഹർജി നൽകി.
കേസിനെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ യാതൊരു കാരണവശാലും ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു 2017ൽ ഹൈക്കോടതി ദിലീപിന് ജാമ്യം നൽകിയത്. ഇത് ലംഘിക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ബോധ്യപ്പെട്ടാൽ വിചാരണക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. വിസ്താരം അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെത്തന്നെ അപായപ്പെടുത്താനും ദിലീപിന്‍റെ ഭാഗത്ത് നിന്ന് കരുതിക്കൂട്ടിയുളള ഇടപെടൽ ഉണ്ടായി എന്ന് ആരോപിച്ചാണ് അന്വേഷണസംഘം ഇപ്പോൾ കൊച്ചിയിലെ വിചാരണക്കോടതിയെ സമീപിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിച്ചെന്നും വിസ്താരനടപടികൾ അട്ടിമറിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. തുടരന്വേഷണവും നടക്കുന്നതിനാലും വിസ്താരം ഇനിയും ശേഷിക്കുന്നതിനാലും ജാമ്യം റദ്ദാക്കി ദിലീപിനെ ജയിലിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വധഗൂഡാലോചനാക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവഴി തുടരന്വേഷണത്തിൽ ബാഹ്യഇടപെടലുകൾ കുറയ്ക്കാമെന്നും ദിലിപ് കാമ്പിനെ സമ്മർദത്തിൽ ആക്കാമെന്നുമാണ് പ്രോസിക്യൂഷൻ കണക്കുകൂട്ടന്നത്.
കോടതി രേഖകൾ ചോർന്നെന്ന പ്രതിഭാഗം ആരോപണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി ബൈജു പൗലോസ് വിചാരണ കോടതിയിൽ ഹാജരായി വിശദീകരണം നൽകി. സായി ശങ്കറിൽ നിന്ന് വാങ്ങിയ ലാപ്ടോപ് അടക്കമുളള ഡിജിറ്റൽ ഉപകരണങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ദിലീപിന്‍റെ അഭിഭാഷകരോട് വധഗൂഡാലോചനാക്കേസിലെ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.