കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി.ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ ആലുവയിലെ വീട്ടില്‍ വെച്ചാണ് ചോദ്യം ചെയ്തത്. നാലരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം തിരിച്ചു പോയത്.
വധ ഗൂഢാലോചനക്കേസിലും കാവ്യയെ ചോദ്യം ചെയ്തു.
നേരത്തെ നോട്ടീസ് നല്‍കിയപ്പോഴും വീട്ടില്‍ വെച്ചുള്ള ചോദ്യം ചെയ്യലിന് മാത്രമെ കാവ്യ വഴങ്ങിയിരുന്നുള്ളൂ.എന്നാല്‍ ചോദ്യം ചെയ്യാനായി പ്രൊജക്ടര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വീട്ടിലെത്തി ചോദ്യം ചെയ്യേണ്ടെന്നാണ് അന്ന് ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.
പക്ഷേ മെയ് 31 നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതോടെ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് കാവ്യയ്ക്ക് വീണ്ടും നോട്ടീസ് നല്‍കിയത്.വീട്ടില്‍ വെച്ച് മാത്രം ചോദ്യം ചെയ്യലാകാമെന്ന് കാവ്യ ക്രൈം ബ്രാഞ്ചിനോട് ആവര്‍ത്തിച്ചതോടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയ അന്വേഷണ സംഘം 12 മണിയോടെ പത്മ സരോവരത്തിലെത്തുകയായിരുന്നു.
ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി ബൈജു പൗലോസിനെക്കൂടാതെ ക്രൈം ബ്രാഞ്ച് എസ് പി.മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘവും പത്മ സരോവരത്തിലെത്തിയതോടെ ദിലീപ് ഒന്നാം പ്രതിയായ വധ ഗൂഢാലോചനക്കേസിലും കാവ്യയുടെ ചോദ്യം ചെയ്യല്‍ ഉറപ്പാവുകയായിരുന്നു.
ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജിന്റേതെന്ന പേരില്‍ പുറത്തുവന്ന ഫോണ്‍സംഭാഷണത്തില്‍ കാവ്യയ്ക്കും കേസില്‍ പങ്കാളിത്തമുണ്ടെന്ന തരത്തില്‍ സൂചനകളുണ്ടായിരുന്നു .കൂടാതെ നടിയെ ആക്രമിച്ച സംഭവത്തിനു ശേഷം പള്‍സര്‍ സുനി പെന്‍ഡ്രൈവുമായി കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തിയെന്ന സാക്ഷിമൊഴിയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ അപേക്ഷയില്‍, ദിലീപ് വിചാരണക്കോടതിയില്‍ എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു.ഈ സാഹചര്യത്തില്‍ വാദത്തിനായി കൂടുതല്‍ സമയം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 12 ലേയ്ക്ക് മാറ്റുകയായിരുന്നു.