കൊച്ചി:അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മ പൊതുദര്‍ശനം നാളെ രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശ്ശേരി മുനിസിപ്പള്‍ ടൗണ്‍ ഹാളില്‍ നടക്കും. വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പിലാണ് സംസ്‌കാരം.
എഴുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. കുടുംബിനി ,ശ്രീരാമ പട്ടാഭിഷേകം, മറിയക്കുട്ടി തുടങ്ങിയവ ആദ്യകാല ചിത്രങ്ങള്‍ .നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടി . 2021ല്‍ പുറത്തിറങ്ങിയ ആണും പെണ്ണുമാണ് അവസാനം റിലീസായ ചിത്രം.
അന്‍പതോളം സിനിമകളില്‍ കവിയൂര്‍ പൊന്നമ്മയും മോഹന്‍ലാലും അമ്മയും മകനുമായി അഭിനയിച്ചു. നടന്‍ തിലകന്റെ കൂടെയും അനായാസമായി അഭിനയിക്കാന്‍ സാധിക്കുന്നു. കവിയൂര്‍ പൊന്നമ്മയുടെ മകനായും (പെരിയാര്‍) സഹോദരനായും (തനിയാവര്‍ത്തനം) ഭര്‍ത്താവായും (സന്ദേശം, ജാതകം, കിരീടം, ചെങ്കോല്‍, കുടുംബവിശേഷം, സന്താനഗോപാലം) തിലകന്‍ അഭിനയിച്ചിട്ടുണ്ട്
കവിയൂര്‍ തെക്കേതില്‍ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും ആദ്യ സന്താനമായി 1944 ജനുവരി 6നാണ് (കൊല്ലവര്‍ഷം 1120 ധനുമാസത്തിലെ പൂരം നക്ഷത്രം) ജനനം. ആറ് സഹോദരങ്ങള്‍ ഉണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസുള്ളപ്പോള്‍ ജന്മനാടായ കവിയൂരില്‍നിന്ന് കോട്ടയം പൊന്‍കുന്നത്തേക്ക് താമസം മാറി. ഒന്‍പതുവയസുവരെ പൊന്‍കുന്നത്തും പിന്നീട് ചങ്ങനാശ്ശേരിയിലും താമസിച്ചു. സിനിമയില്‍ സജീവമായതോടെ 37 വര്‍ഷം മദ്രാസില്‍ താമസിച്ചു. പിന്നീട് തിരിച്ചെത്തി ആലുവയില്‍ പെരിയാറിന്റെ തീരത്ത് പണികഴിപ്പിച്ച വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
സിനിമാ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭര്‍ത്താവ്. പൂര്‍ണമായും ഔട്ട്‌ഡോറില്‍ ചിത്രീകരിച്ച ആദ്യ മലയാളം സിനിമയായ റോസി, ധര്‍മയുദ്ധം, മനുഷ്യബന്ധങ്ങള്‍, രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചതും രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി എന്നിവ സംവിധാനം ചെയ്തതും മണിസ്വാമി ആയിരുന്നു. മംഗളം നേരുന്നു, ചക്രവാകം എന്നീ ചിത്രങ്ങളുടെ തിരക്കഥ എഴുതി.
ഏക മകള്‍ ബിന്ദു. മരുമകന്‍ വെങ്കട്ടറാം അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണില്‍ പ്രഫസറാണ്. അന്തരിച്ച നടി കവിയൂര്‍ രേണുക സഹോദരിയാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ കവിയൂര്‍ പൊന്നമ്മ സേവ് ലൈഫ് എന്ന ചാരിറ്റബള്‍ ട്രസ്റ്റിന്റെ രക്ഷാധികാരിയും മാനേജിംഗ് ട്രസ്റ്റിയുമായിരുന്നു.