കവിയൂര്‍: കവിയൂര്‍ കൂട്ടമരണക്കേസില്‍ സിബിഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതി വീണ്ടും തള്ളി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കവിയൂരിലെ പൂജാരിയും കുടുംബവും ആത്മഹത്യ ചെയ്തതാണെന്ന അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് നാലാം തവണയും തള്ളിയത്. കേസില്‍ തുടരന്വേഷണം നടത്താനും കോടതി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കി.
കവിയൂര്‍ ക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്ന പൂജാരിയുടെയും ഭാര്യയുടെയും മൂന്നു മക്കളുടെയും മരണം ആത്ഹത്യയെന്നാണ് സിബിഐയുടെ നാലാം റിപ്പോര്‍ട്ടിലെയും കണ്ടെത്തല്‍.ഇതില്‍ മൂത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നത് ആരെന്ന് കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ല. കോടതിയില്‍ സിബിഐ സമര്‍പ്പിച്ച നാലാം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയെ അച്ഛന്‍ തന്നെ പീഡിപ്പിച്ചെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘം തന്നെ തിരുത്തിയിരുന്നു. അച്ഛന്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2004 സെപ്തംബര്‍ 28നാണ് കവിയൂരില്‍ നാരാണന്‍ നമ്പൂതിരിയെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകള്‍ അനഘ മരിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് പീഡനത്തിനിരയായതായി കണ്ടെത്തിയത്. പക്ഷേ, ഇതിലെ പ്രതികളെ കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞതുമില്ല. കേസുമായി ബന്ധപ്പെട്ട് സിബിഐ ഇതുവരെ നാല് റിപ്പോര്‍ട്ടുകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ആദ്യ മൂന്ന് റിപ്പോര്‍ട്ടുകളിലും പെണ്‍കുട്ടിയെ അച്ഛനടക്കം പീഡിപ്പിച്ചു എന്നാണ് പറഞ്ഞിരുന്നതെങ്കിലും നാലാം റിപ്പോര്‍ട്ടില്‍ സിബിഐ അതില്‍ നിന്നും മലക്കം മറിഞ്ഞു. പെണ്‍കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ചിട്ടില്ല എന്നായിരുന്നു നാലാം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
അനഘയെ പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ക്ക് കാഴ്ചവെച്ചതിന്റെ മനോവിഷമത്തിലാണ് നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ അത്തരമൊരു കണ്ടെത്തലുണ്ടായിട്ടില്ല.