കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടയിലെ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് ചോദ്യം ചെയ്യുന്നു. കാക്കനാട്ടുള്ള ഇവരുടെ ഫ്ളാറ്റിലെത്തിയാണ് അഞ്ചംഗ സംഘം ചോദ്യം ചെയ്യുന്നത്. മുന്‍കൂട്ടി അറിയിക്കാതെയാണ് പോലീസ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് ഐഷ പറഞ്ഞു.
നേരത്തെ കവരത്തി സ്റ്റേഷനില്‍വെച്ച് ഐഷയെ മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണ സംഘം കൊച്ചിയില്‍ എത്തിയിരിക്കുന്നത് എന്നാണ് സൂചന.
കേസില്‍ അറസ്റ്റു ചെയ്താല്‍ ഇവരെ കസ്റ്റഡിയില്‍ വയ്ക്കരുതെന്നും ആള്‍ ജാമ്യത്തില്‍ വിട്ടയ്ക്കണം എന്നുമുള്ള ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റുണ്ടാകില്ല. അറസ്റ്റു ചെയ്യുന്ന പക്ഷം ഇവരെ ചോദ്യം ചെയ്യാന്‍ അഭിഭാഷകന്റെ സാന്നിധ്യം വേണമെന്നും നിര്‍ദേശമുണ്ട്. ലക്ഷദ്വീപ് ബി.ജെ.പി. ഘടകം നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.
നേരത്തെ ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. കേസില്‍ അന്വേഷണം പുരോഗമിച്ചതിന് ശേഷം മാത്രമേ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും കോടതി വ്യക്തമാക്കി.
കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറും കേസിന്റെ തുടര്‍ നടപടികളും റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. തന്റെ വിമര്‍ശനങ്ങള്‍ ഒരു തരത്തിലുമുള്ള കലാപങ്ങള്‍ക്ക് വഴിവെച്ചിട്ടില്ല. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നുമായിരുന്നു ഐഷയുടെ ഹര്‍ജിയില്‍ പറഞ്ഞത്. രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണിനെ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.