കോട്ടയം: പ്രശസ്ത കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി (81) അന്തരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കൊവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങളാണു മരണ കാരണം. കൊവിഡ് ബാധിതനായി കഴിഞ്ഞ മാസം അവസാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും അഞ്ച് ദിവസം മുന്‍പ് ആരോഗ്യ സ്ഥിതി മോശമാകുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.
ആലപ്പുഴ നെടുമുടിയിലെ മാത്തൂര്‍ തറവാട്ടില്‍ 1940 ഒക്ടോബര്‍ അഞ്ചിനായിരുന്നു ജനനം. തന്റെ ഗുരുവായിരുന്ന കഥകളി ആചാര്യന്‍ കുടമാളൂര്‍ കരുണാകരന്‍ നായരുടെ മകളെയാണു മാത്തൂര്‍ വിവാഹം ചെയ്തത്. തുടര്‍ന്ന് നെടുമുടിയില്‍ നിന്നു കുടമാളൂരിലെ അമ്ബാടി വീട്ടിലേക്കു താമസം മാറി.
കേന്ദ്ര സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ്, കേരള സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്പ്, കലാമണ്ഡലം കൃഷ്ണന്‍ നായര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു. ഭാര്യ പരേതയായ രാജേശ്വരി. മക്കള്‍: ചെണ്ട വിദ്വാന്‍ ഗോപീകൃഷ്ണന്‍, കഥകളി നടനായ കുടമാളൂര്‍ മുരളീകൃഷ്ണന്‍.