ശ്രീനഗർ: ജമ്മു കാശ്‌മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികനുകൂടി വീരമൃത്യു. ഇതോടെ ഭീകരാക്രമണത്തിൽ ജീവൻ നഷ്‌ടമായ ഇന്ത്യൻ സൈനികരുടെ എണ്ണം നാലായി. ഭീകരർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്.
സുരൻകോട്ട് മേഖലയിലെ ദേരാ കി ഗാലിയിൽ ഭീകരർ ഒളിയാക്രമണം നടത്തുകയായിരുന്നു. രജൗരി ജില്ലയിലെ കലാകോട്ടെ പ്രദേശത്ത് ബുധനാഴ്ച രാത്രി മുതൽ ഭീകര വിരുദ്ധ ഓപ്പറേഷൻ നടക്കുന്നുണ്ട്. ഇതിൽ പങ്കെടുത്ത സൈനികരുമായി പോയ ട്രക്കും ജിപ്സിയുമാണ് ആക്രമിക്കപ്പെട്ടത്.
ഇന്നലെ 3.45ഓടെ താനമണ്ഡി പ്രദേശത്ത് എത്തിയപ്പോൾ പതിയിരുന്ന ഭീകരർ വെടിവച്ചു. സേന ശക്തമായി തിരിച്ചടിച്ചു. പ്രദേശത്തേക്ക് കൂടുതൽ സേനയെ അയച്ചെന്ന് അധികൃതർ അറിയിച്ചു.
ഒരു മാസത്തിനുള്ളിൽ ഈ മേഖലയിൽ സേനയ്ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞ മാസം രണ്ട് ക്യാപ്റ്റന്മാരുൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. 2003 മുതൽ താരതമ്യേന ഭീകരമുക്തമായിരുന്ന ഈ പ്രദേശം ഇപ്പോൾ ഭീകരരുടെ താവളമായി മാറിയിട്ടുണ്ട്. രണ്ട് വർഷത്തിനിടെ ജമ്മു കാശ്‌മീരിൽ 35 സൈനികർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചു.