കോട്ടയം:നയാ പൈസ കയ്യിലില്ലെങ്കിലും യാത്ര ചെയ്യുക എന്ന സ്വപ്നം എപ്പോഴും ഒരു മനുഷ്യ മനസ്സിൻറെ സഫലീകരിക്കാത്ത ഒരു ആഗ്രഹമാണ്.യാത്രയെ പ്രണയിക്കുന്നവരുടെ സ്വപ്നലോകമാണ് കാശ്മീർ. എന്നാൽ എങ്ങനെ പോകണം എപ്പോൾ പോകണം എവിടെയൊക്കെ പോകണം എന്നിങ്ങനെ ആയിരക്കണക്കിന് ചോദ്യങ്ങളായിരിക്കും അവരുടെ മുൻപിൽ.
ഇപ്പോൾ വളർന്നു വരുന്ന സമൂഹം യാത്രയെ പ്രണയിക്കുന്നവരാണ്. സുഹൃത്തുക്കളുമായിച്ചേർന്ന് ഒരു ബുള്ളറ്റുമെടുത്ത് യാത്ര പോകുകയാണ് പതിവ്. എന്നാൽ കാശ്മീരിലേക്ക് കാൽനടയാത്ര ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. യാത്രയെ മനസ്സിനോട്ച്ചേർത്ത് പ്രണയിച്ചവർ മാത്രമാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിരുക.
യാത്രയെ മാത്രം സ്നേഹിച്ച് ജീവിക്കുന്ന ഒരു കോട്ടയംകാരനുണ്ട്. കോട്ടയം ജില്ലയിലെ ചാന്നാനിക്കാടെന്ന സ്ഥലത്ത് വിജയൻറെയും പുഷ്പലതയുടെയും മകൻ വിമൽ.താൻ ആദ്യം പോയ സാഹസികയാത്ര കേരള, തമിഴ്നാട്,കർണാടക,ആന്ധ്ര, തെലുങ്കാന,ഛത്തീസ്ഗഡ്,ഗോവ,മഹാരാഷ്ട്ര, തുടങ്ങിയ സൗത്തിന്ത്യൻ സംസ്ഥാനങ്ങൾ പണം ചിലവാക്കാതെ യാത്ര ചെയ്തു തിരികെ വരിക എന്നതായിരുന്നു.
ട്രക്ക്,കാർ,ബൈക്ക്, പോലുള്ള വാഹനങ്ങളിൽ ലിഫ്റ്റടിച്ചും, ദേവാലയങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചും, പെട്രോൾ പമ്പുകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങിയായിരുന്നു വിമൽ അന്നായാത്ര ചെയ്തിരുന്നത്. എന്നാൽ നിർഭാഗ്യവശാൽ ആ യാത്ര ദീർഘിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ആ ഒരു വിങ്ങൽ എപ്പോഴും വിമലിനുണ്ടായിരുന്നു.
കോട്ടയത്ത് വിഷ്വൽ എഫക്ട്സ് പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വിമലിന് ജോലി ലഭിച്ചിരുന്നു. എന്നാൽ അവിടെ ജോലി ചെയ്യുമ്പോൾ പോലും ആ മനസ്സിൽ ഒരു തൃപ്തിയുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും യാത്ര പോകണം എന്നുള്ള ആഗ്രഹം മാത്രമായിരുന്നു വിമലിണ്ടായിരുന്നത്. തൻറെ മനസ്സിന് സന്തോഷമേകുന്ന ഏകമാർഗ്ഗം യാത്രയാണ്. അതുകൊണ്ടുതന്നെ വിമൽ വീണ്ടും ഒരു യാത്രയ്ക്ക് മുതിർന്നിരിക്കുകയാണ്. അതും നൂറു ദിവസത്തെ യാത്ര. കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്കുള്ള ഒരു കാൽനടയാത്ര. യാത്രയോടുള്ള പ്രണയം തുടങ്ങിയപ്പോൾ കാശ്മീരിനോടുള്ള പ്രണയവും വിമലിൻറെ മനസ്സിൽ പൂവിട്ടു തുടങ്ങി.
സാധാരണ ചുറ്റുപാടിൽ നിന്നും എങ്ങനെ ഒരാൾക്ക് ഇത്രയേറെ ദൂരം യാത്ര ചെയ്യുവാൻ സാധിക്കും എന്നു പറഞ്ഞാൽ അത് ആ മനസ്സിൻറെ അടങ്ങാത്ത ആഗ്രഹം കൊണ്ട് മാത്രമാണ്. ലോകം മുഴുവൻ ബൈയ്ക്കിൽ ചുറ്റണമെന്നായിരുന്നു വിമലിൻറെ ആഗ്രഹം. എന്നാൽ സാമ്പത്തികം ഒരു വെല്ലുവിളിയായിരുന്നു. ആ ആഗ്രഹം സഫലമാകില്ല എന്ന് കണ്ടപ്പോഴാണ് വിമൽ ഈ കാൽനടയാത്രക്കാർ മുതിർന്നത്. ഈ യാത്രക്ക് തയ്യാറെടുക്കുമ്പോഴും വിമലിന് കൈയിലുണ്ടായിരുന്നത് എല്ലാവരുടെയും കുത്തുവാക്കുകളും പരിഹാസങ്ങളും മാത്രമായിരുന്നു.“നിനക്ക് വട്ടാണ്,ആ പൈസയുണ്ടെങ്കിൽ വേറെ എന്തൊക്കെ ചെയ്യാം”. ഇതായിരുന്നു എല്ലാവരുടെയും പരിഹാസച്ചുവയുള്ള വാക്കുകൾ. എന്നാൽ പോലും അതൊന്നും ചെവിക്കൊള്ളാതെ ആ യാത്ര തുടങ്ങി.“മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാതിരിക്കുക എന്നതാണ് നമുക്ക് നമ്മളോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യം” എന്നതാണ് വിമലിൻറെ വാക്കുകൾ. നമ്മൾ നമ്മുടെ സ്വപ്നത്തിൻറെ പുറകെ പോവുക ഇതാണ് വിമൽ ഈ യാത്രയിലൂടെ മറ്റുള്ളവരിലെത്തിക്കാൻ ശ്രമിക്കുന്നത്.
ഭൂമിയിലെ സ്വർഗമാണ് കാശ്മീർ,എല്ലാവരുടെയും മനസ്സിലെ മനോഹര ഭൂമി. ആരും പോകാനാഗ്രഹിക്കുന്ന താഴ്വാരം. വെള്ളപ്പുതപ്പണിഞ്ഞ് മഞ്ഞിൽപ്പൊതിഞ്ഞ കാശ്മീർ, മഞ്ഞിൽക്കുളിച്ചു നിൽക്കുന്ന മരങ്ങൾ അവയുടെ ഇലകളെല്ലാം തണുപ്പുകൊണ്ട് കൊഴിഞ്ഞുവീഴുന്ന താഴ്വാരം, സ്വച്ഛസുന്ദരമായ നദിക്കരയും, ആട്ടിൻ പറ്റങ്ങളും അവയ്ക്ക് പുറകിലായി കുന്നിറങ്ങി വരുന്ന ആട്ടിടയനെയും നേരിട്ട് കാണാൻ സാധിക്കുന്ന ആ സുന്ദര കാഴ്ച ആസ്വദിക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്.
വിമലിന് ഈ യാത്ര ഒരു സ്വപ്നം മാത്രമല്ല എന്തെങ്കിലും നേടണമെന്ന ആഗ്രഹം ഉള്ളിൻറെ ഉള്ളിൽ തിരയടിക്കുന്നതുകൊണ്ടാണ്
കാൽനടയാത്ര ചെയ്യുവാൻ തീരുമാനിച്ചത്.
എങ്ങനെയെങ്കിലും ലഡാക്കിൽ ചെല്ലുക എന്നതാണ് തൻറെ സ്വപ്നം. അതിൽപ്പരം സന്തോഷം ജീവിതത്തിലുണ്ടാകുവാനില്ല. വിമൽ തൻറെ യാത്രയിലൂടെ സമൂഹത്തിന് ഒരു സന്ദേശം നൽകുന്നുണ്ട്. “കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ആ അതിക്രമങ്ങൾ പാടെ ഇല്ലാതാക്കുക എന്നതാണ് തൻറെ യാത്രയുടെ മറ്റൊരു ലക്ഷ്യം”.കുട്ടികളെ ഏതെങ്കിലും ഒരു വ്യക്തി അതിക്രമിച്ചാൽ അതിനെതിരെ ഒരു നിയമം നിലവിൽ വരണം
തൻറെ ഓരോ യാത്രയിലൂടെയും പതിനായിരക്കണക്കിന് വ്യത്യസ്ത സ്വഭാവമുള്ള വ്യക്തികളെ പരിചയപ്പെടാറുണ്ട്. അവരോട് ഇടപഴകാനും സംസാരിക്കുവാനും പരിചയപ്പെടുവാനും സാധിച്ചു എന്നതുകൊണ്ട് മാത്രമാണ് പിന്നീട് മുന്നോട്ടുള്ള പല യാത്രയ്ക്കും വിമലിന് ശക്തി നൽകിയിരുന്നത്.
വിമലിൻറെ സ്വന്തം യൂട്യൂബ് ചാനലിൽ തൻറെ യാത്ര ഒരു വീഡിയോ ഡോക്യുമെൻററിയായി ഡേയ് ഇൻ മൈ ലൈഫ് രൂപത്തിൽ എന്നും പോസ്റ്റ് ചെയ്യാറുണ്ട്.
എല്ലാവരെപ്പോലെ ജോലിക്ക് പോയും തിരികെ വീട്ടിൽ വന്നും ജീവിച്ചാൽ എങ്ങനെ ആ ജീവിതത്തിനൊരു ഉദ്ദേശമുണ്ടാകും. നമുക്ക് സ്വപ്നമുണ്ടെങ്കിൽ അത് എന്ത് വെല്ലുവിളികൾ സഹിച്ചും എന്ത് വിലകൊടുത്തും നേടിയെടുക്കുക അതിലാണ് നമ്മുടെ വിജയം.
എല്ലാവരുടെയും മനസ്സിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന എണ്ണമറ്റ യാത്രാ സ്വപ്നങ്ങളുണ്ട്. എന്നാൽ അതെല്ലാം തന്നെ മനസ്സിൻറെ മറവിൽ ആരോടും പറയാതെ സൂക്ഷിച്ചിരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ആ സ്വപ്നങ്ങളിൽ ഏതെങ്കിലുമൊന്ന് ഉയർത്തെഴുന്നേറ്റുവന്നാൽ ആ സ്വപ്നം വീണ്ടും മനസ്സിൻറെ അറയിൽ പൂഴ്ത്തി വെക്കാതെ സ്വപ്നത്തെ കണ്ടറിയുക, തൊട്ടറിയുക, അനുഭവിക്കുക, ഇവയെല്ലാം യാത്രയിലൂടെ മാത്രം കിട്ടുന്ന ഒരു അനുഭൂതിയാണ്.
തയ്യാറാക്കിയത്: ലക്ഷ്മി പി.എസ്