ജമ്മു∙ ജമ്മു കശ്മീരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതിൽ സഹായി പിടിയിൽ. സംഭവത്തിനു പിന്നാലെ കാണാതായ യാസിർ അഹമ്മദിനെ (23) ആണ് പൊലീസ് പിടികൂടിയത്. ജയിൽ ഡിജിപി ഹേമന്ദ് കുമാർ ലോഹിയെ (57) കൊലപ്പെടുത്തിയത് യാസിർ അഹമ്മദാണെന്നാണ് പ്രാഥമിക അന്വേഷണവും സിസിടിവി ദൃശ്യങ്ങളും വ്യക്തമാക്കുന്നതെന്ന് ജമ്മു പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ മുകേഷ് സിങ് പറഞ്ഞു. സംഭവത്തിൽ ഭീകരബന്ധമില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
സ്വന്തം വീട് പുതുക്കിപണിയുന്നതിനാൽ ജമ്മുവിനു സമീപമുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു ഹേമന്ത് ലോഹിയയുടെ താമസം. കഴുത്തറുത്ത്, ശരീരത്തിൽ പൊള്ളലേറ്റ പാടുകളുമായാണ് മൃതദേഹം കണ്ടെത്തിയത്. 1992 ബാച്ച് ഐപിഎസ് ഓഫിസറായ ഇദ്ദേഹത്തെ ഓഗസ്റ്റിലാണ് ജയിൽ ഡിജിപിയായി നിയമിച്ചത്.
കടുത്ത വിഷാദത്തിന് അടിമയാണ് യാസിർ അഹമ്മദെന്ന് പൊലീസ് പറയുന്നു. ഇയാളുടെ ഡയറിയും ആയുധവും കണ്ടെത്തിയിട്ടുണ്ട്. ഫോട്ടോയും പുറത്തുവിട്ടു. മരണത്തെക്കുറിച്ചാണ് ഡയറിയിൽ കൂടുതലും പറയുന്നത്. “പ്രിയപ്പെട്ട മരണമേ, എന്റെ ജീവിതത്തിലേക്ക് വരൂ,” എന്നാണ് ഡയറിയിലെ ഒരു വാചകം. ‘‘ക്ഷമിക്കണം, എനിക്ക് മോശം ദിവസം, ആഴ്ച, മാസം, വർഷം, ജീവിതം.’’ മറ്റൊന്നിൽ പറയുന്നു.
നിരവധി ഹിന്ദി ഗാനങ്ങൾ ഡയറിയിൽ കുറിച്ചിട്ടിട്ടുണ്ട്. അതിലൊന്ന് ‘‘ഭൂലാ ദേനാ മുജെ’’ (എന്നെ മറക്കുക) എന്നാണ്. മറ്റു പേജുകൾ ചെറിയ വാചകങ്ങളും കുറിപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ‘‘ഞാൻ എന്റെ ജീവിതത്തെ വെറുക്കുന്നു’’, ‘‘ജീവിതം ദുഃഖം മാത്രമാണ്…’’, ഫോൺ ബാറ്ററിയുടെ ചിത്രം സഹിതം ‘‘എന്റെ ജീവിതം 1%, സ്നേഹം 0%, ടെൻഷൻ 90%, ദുഃഖം 99%, വ്യാജ പുഞ്ചിരി 100%’’ എന്നും രേഖപ്പെടുത്തിയിരിക്കുന്നു.
റമ്പാൻ സ്വദേശിയായ യാസിർ, ആറു മാസമായി ലോഹിയയുടെ കൂടെ ജോലി ചെയ്യുകയാണ്. പൊട്ടിയ കെച്ചപ്പിന്റെ കുപ്പി ഉപയോഗിച്ചാണ് ലോഹിയയുടെ കഴുത്ത് അറുത്തതെന്നാണ് പ്രാഥമിക നിഗമനം. ഇതിനു പിന്നാലെ മൃതദേഹം കത്തിക്കാനും ശ്രമിച്ചു. തീ കണ്ടതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ലോഹിയയുടെ മുറിയിലേക്ക് എത്തിയപ്പോൾ എല്ലാം കഴിഞ്ഞിരുന്നു. മുറി ഉള്ളിൽനിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. കുറ്റകൃത്യം നടത്തിയശേഷം യാസിർ രക്ഷപ്പെടുന്നത് സിസിടിവിയിൽനിന്ന് കണ്ടെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനവേളയിലാണ് പൊലീസിനെ ഞെട്ടിച്ച കൊലപാതകം.