കാസര്‍കോട്: കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അഡ്വ. വി.എം മുനീറിനെയും വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സംസീദ ഫിറോസിനെയും മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റായ വി.എം മുനീര്‍ ഇരുപത്തി നാലാം വാര്‍ഡായ ഖാസിലെയിനില്‍ നിന്നാണ് ഇപ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ നഗരസഭാ ഭരണത്തില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയതിന് മുസ്ലിംലീഗ് നേതൃത്വം നല്‍കിയ അംഗീകാരമാണ് ചെയര്‍മാന്‍ സ്ഥാനം. തളങ്കര പള്ളിക്കാലിലെ വൈദ്യര്‍ കുടുംബത്തിലെ അംഗമാണ് ഈ നിയമബിരുദദാരി. കാസര്‍കോട് നഗരസഭയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ ചെയര്‍മാനും വി.എം മുനീര്‍ ആണ്. നഗരസഭയിലെ മുന്നാം വാര്‍ഡായ അടുക്കത്ത് ബയലില്‍ നിന്നാണ് സംസീദ ഫിറോസ് തിരഞ്ഞെടുക്കപ്പെട്ടത് ഓഫീസ് മനേജ്മെന്റില്‍ ബിരുദ ദാരിയാണ്. 38 അംഗങ്ങളുള്ള കാസര്‍കോട് നഗരസഭയില്‍ ലീഗിന് മാത്രം 21 അംഗങ്ങളുണ്ട്. ബി.ജെ.പിക്ക് 14 കൗണ്‍സിലര്‍മാരും സി.പി.എമ്മിന് ഒരാളുമാണ് വിജയിച്ചത്.
ഫോര്‍ട്ട് റോഡ് , ഹൊന്നമൂല വാര്‍ഡില്‍ നിന്ന് ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സി.ടി. അഹമ്മദലി, സി.കെ. സുബൈര്‍, ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ എന്നിവരടങ്ങിയ പാര്‍ലിമെന്ററി ബോര്‍ഡാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി ഏഴ് മണിവരെ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തീരുമാനം ഉണ്ടായത്. വി.എം മുനീര്‍, അബ്ബാസ് ബീഗം എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണയില്‍ ഉണ്ടായിരുന്നത്.