കാസര്‍കോട്: കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ പനിയെ തുടര്‍ന്ന് മരിച്ച അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. കുട്ടിക്ക് നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് നടപടി. പരിശോധനാ ഫലം ഇന്ന് വൈകുന്നേരം ലഭിച്ചേക്കും.
ഇതേതുടര്‍ന്ന് ചെങ്കളം പഞ്ചായത്ത് ല്‍ കോവിഡ് വാക്സിനേഷനും പൊതുപരിപാടികളും നിര്‍ത്തിവച്ചു. കോഴിക്കോട് ആഴ്ചകള്‍ക്ക് മുന്‍പ് 13വയസുകാരന്‍ നിപ ബാധിച്ച് മരിച്ചിരുന്നു. ചാത്തമംഗലം സ്വദേശിയാണ് മരിച്ചത്. തുടര്‍ന്ന് കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. ഫലം നെഗറ്റീവായത് സംസ്ഥാനത്തിന് ആശ്വാസമായിരുന്നു.
കുട്ടിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. പഞ്ചായത്ത് പരിധിയില്‍ കോവിഡ് വാക്സിനേഷന്‍ നിര്‍ത്തിവെച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നേരത്തെ കോഴിക്കോട് മുക്കം സ്വദേശിയായ 12കാരന്‍ മരിച്ചത് നിപ മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ശന പ്രതിരോധ നടപടികളാണ് കോഴിക്കോട് ജില്ലയില്‍ സ്വീകരിച്ചിരുന്നത്. സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ പിന്നീട് ആര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഇതോടെ ആശങ്ക ഏറെക്കുറെ ഒഴിഞ്ഞ നിലയിലാണ് കോഴിക്കോട്.
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും.
രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.