ന്യൂഡല്‍ഹി: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നലെ നടന്ന മോക്‌പോളില്‍ ബി.ജെ.പിക്ക് പോള്‍ ചെയ്തതിനെക്കാളും വോട്ട് ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന മോക് പോളില്‍ ബി.ജെ.പിക്ക് പോള്‍ ചെയ്തതിനെക്കാളും വോട്ട് ലഭിച്ചെന്ന ആരോപണത്തെ കുറിച്ച് പരിശോധിക്കാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഉള്‍പ്പടെയുള്ളവരുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് ബി.ജെ.പിക്ക് അധിക വോട്ട് ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്.
അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് ബി.ജെ.പിക്ക് പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയ കാര്യം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ചാണ് ഭൂഷണ്‍ ഇക്കാര്യം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കാന്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചത്.