കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ വിതരണംചെയ്യുന്ന കുടിവെള്ളം മലിനമാണെന്നാരോപിച്ച് വിദ്യാർഥികള്‍ നടത്തിയ സമരം വാർത്തയായതിനു പിന്നാലെ വെള്ളത്തിന്‍റെ ലാബ് പരിശോധനാ ഫലം പുറത്ത്. കോളേജില്‍ നിന്ന് ശേഖരിച്ച കുടിവെള്ളം മലിനമാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ലാബ് റിപ്പോര്‍ട്ട്. ജല അതോറിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. ഇതോടെ മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എം. രമയുടെ വാദം പൊളിഞ്ഞു.
വിദ്യാര്‍ഥികള്‍ ആരോപിക്കുന്നതുപോലെ കോളേജില്‍ വിതരണംചെയ്യുന്ന വെള്ളം മലിനമല്ലെന്നും താന്‍ വെള്ളം പരിശോധിപ്പച്ചതാണെന്നുമായിരുന്നു വിദ്യാർഥി പ്രതിഷേധത്തെ പ്രതിരോധിച്ചുകൊണ്ട് ഡോ.എന്‍ രമയുടെ വാദം. എന്നാല്‍ കോളേജിലെ വെള്ളം മലിനമാണെന്നും ഇ- കോളി ബാക്ടീരിയ അടക്കം ഹാനികരമായ ഘടകങ്ങള്‍ അളവിലും കൂടുതല്‍ ഉണ്ടെന്നുമാണ് ജല അതോറിറ്റിയുടെ റിപ്പോര്‍ട്ട്.
ഫെബ്രുവരി 20 മുതല്‍ കുടിവെള്ള വിഷയവുമായി ബന്ധപ്പെട്ട് കോളേജില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. കോളേജില്‍ ലഭ്യമാക്കുന്ന കുടിവെള്ളത്തില്‍ ചെളി കലര്‍ന്നിട്ടുണ്ടെന്നും അത് കുടിക്കാന്‍ യോഗ്യമല്ലെന്നുമുള്ള ആരോപണം ഉന്നയിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ എന്‍. രമ മുറിയില്‍ പൂട്ടിയിട്ടു പുറത്തുപോയതോടെയാണ് പ്രശ്‌നം ഗുരുതരമായത്. ഇതോടെ എന്‍. രമയെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.