കാസർകോട്: കാട് വെട്ടിത്തെളിക്കുന്നതിനിടെ പെരുന്തേനീച്ചയുടെ കുത്തേറ്റ് അധ്യാപകൻ മരിച്ചു. നാല് തൊഴിലാളികൾക്കും കുത്തേറ്റു. ഇവർക്ക് അപകടമില്ല. പനത്തടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ ബളാംന്തോട് ചാമുണ്ഡിക്കുന്നിലെ സി. വിജയകുമാർ (56) ആണ് മരിച്ചത്. ചാമുണ്ഡിക്കുന്ന് തുമ്പോടിയിലെ തൊഴിലാളികളായ നന്ദകുമാർ(41), രാഘവൻ(70), കേശവൻ(57), ചന്ദ്രൻ(50) എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം. ചാമുണ്ഡിക്കുന്ന് കീഴക്കേ തുമ്പോടിയിലെ കൃഷിയിടത്തിൽ കാട് വെട്ടിത്തെളിക്കുന്ന തൊഴിലാളികൾക്കടുത്തേക്ക് പോയതായിരുന്നു വിജയകുമാർ. ഇതിനിടെ പെരുന്തേനീച്ചക്കൂട്ടം ഇളകിയെത്തി വിജയകുമാറിനെയും തൊഴിലാളികളെയും അക്രമിക്കുകയായിരുന്നു.
സമീപത്തെ കൃഷിയിടത്തിലെ തെങ്ങിൻ ചുവട്ടിൽ ബോധരഹിതനായി കണ്ടെത്തിയ വിജയകുമാറിനെ ഉടൻതന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 31-ന് സർവീസിൽനിന്ന് വിരമിക്കാനിരിക്കുകയായിരുന്നു വിജയകുമാർ.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: പരേതനായ ചന്ദ്രശേഖരൻ നായർ. അമ്മ: രത്‌നമ്മ. ഭാര്യ: ശ്രീജ. മക്കൾ: അഞ്ജനാ അഖിൽ, വിഷ്ണു വിജയൻ. മരുമകൻ: ഡോ. അഖിൽ.
A 56-year-old teacher, C. Vijayakumar, died after being attacked by a swarm of giant honey bees while clearing forest land in Panathady, Kasaragod. Vijayakumar, who was set to retire from Panathady Govt Higher Secondary School on May 31, was found unconscious in a nearby farm and passed away before reaching the hospital. Four laborers also sustained injuries in the attack but are currently out of danger.


