കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ കുറ്റപത്രം ഡിജിറ്റലായി നല്‍കാന്‍ അനുമതി തേടി ഇഡി കോടതിയില്‍. കലൂരിലെ പ്രത്യേക സാമ്പത്തിക കോടതിയിലാണ് ഇഡി അപേക്ഷ നല്‍കിയത്. കുറ്റപത്രത്തിന്റെ അസല്‍ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാനാകില്ലെന്ന് ഇഡി പറയുന്നു.
കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ് വേണമെന്ന പ്രതികളുടെ ആവശ്യത്തിന്മേലാണ് ഇഡി രേഖാമൂലം മറുപടി നല്‍കിയിട്ടുള്ളത്. മൊഴികളും തെളിവുകളും അടക്കം കുറ്റപത്രത്തിന് 26000 ലധികം പേജുണ്ട്. ഇത്രയും പേജുള്ള കുറ്റപത്രത്തിന്റെ അസല്‍ പകര്‍പ്പ് എടുത്ത് നല്‍കുക അസാധ്യമാണ്.
ഡിജിറ്റല്‍ യുഗത്തില്‍ പ്രതികള്‍ക്ക് സോഫ്റ്റ് കോപ്പി നല്‍കിയാല്‍ മതിയെന്നാണ് ഇഡി അപേക്ഷയില്‍ വ്യക്തമാക്കുന്നത്. ഹാർഡ് കോപ്പിയായി 55 പ്രതികള്‍ക്കും കുറ്റപത്രം നല്‍കാനായി 13 ലക്ഷം പേപ്പറും 12 ലക്ഷം രൂപയും വേണ്ടി വരുമെന്ന് ഇഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രിന്റ് ചെയ്തും മറ്റു രേഖകള്‍ പെന്‍ഡ്രൈവിലും നല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഡിജിറ്റലാക്കുന്നതു വഴി നൂറിലേറെ മരങ്ങള്‍ സംരക്ഷിക്കാമെന്നും ഇഡി അപേക്ഷയില്‍ സൂചിപ്പിക്കുന്നു. സിആര്‍പിസിയില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്ക് കോപ്പികള്‍ നല്‍കണമെന്ന് മാത്രമാണ് പറയുന്നതെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.