KeralaNews

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സി.പി.എം നേതാവ്‌ ഇഡി കസ്റ്റഡിയിൽ

കൊച്ചി: കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ പി.ആർ. അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയാണ് അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തത്.

വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ അരവിന്ദാക്ഷൻ ഇപ്പോൾ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയാണ്. വടക്കാഞ്ചേരിയിൽ എ.സി. മൊയ്തീന്റെ വിശ്വസ്തനാണ് അരവിന്ദാക്ഷൻ.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം സംസ്ഥാന സമിതിയംഗവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം കെ കണ്ണനെ ഏഴ് മണിക്കൂറോളമാണ് ചോദ്യംചെയ്തത്. കരുവന്നൂർ ബാങ്കിൽ നിന്ന് 27 കോടിയിലേറെ രൂപ ബെനാമി വായ്പയായി തട്ടിയ പിപി കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടിലാണ് എം.കെ കണ്ണനെ ചോദ്യം ചെയ്തത്. എംകെ കണ്ണൻ അദ്ധ്യക്ഷനായ ബാങ്കിലെ സതീഷ് കുമാറിന്‍റെ ബിനാമി നിക്ഷേപത്തിൽ നിന്നും പിപി കിരണിന് വേണ്ടി കരുവന്നൂർ ബാങ്കിലേക്ക് പോയ പണത്തിലാണ് ഇഡിയുടെ സംശയങ്ങൾ.

പണമിടപാടിന്‍റെ രേഖകൾ ഇ ഡി കണ്ടെടുത്തിരുന്നു. ഈ പണമിടപാടുകൾ സംബന്ധിച്ച് പിന്നീട് സതീഷ് കുമാറും കിരണും തമ്മിൽ പൊലീസ് കേസ് ഉണ്ടാവുകയും എ.സി മൊയ്തീൻ, എംകെ കണ്ണൻ അടക്കമുള്ളവർ പ്രശ്ന പരിഹാരത്തിന് ഇടപെട്ടെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ചോദ്യംചെയ്യലിന് ശേഷം ഇഡിക്കെതിരെ എംകെ കണ്ണൻ രംഗത്തെത്തി.

വെള്ളിയാഴ്ച ഇഡി ഓഫീസിലെത്താൻ അറിയിച്ചിട്ടുണ്ടെന്നും താൻ ഹാജരാകുമെന്നും എംകെ കണ്ണൻ പറഞ്ഞു. കേസിൽ നിലവിൽ സിപിഎമ്മിന്‍റെ രണ്ട് സംസ്ഥാന സമിതി അംഗങ്ങളാണ് ഇഡി അന്വേഷണനിഴലിൽ ഉള്ളത്. കേസിൽ എ.സി മൊയ്തീനിനെ വീണ്ടും ചോദ്യംചെയ്യാനിരിക്കെയാണ് എംകെ കണ്ണനെയും വിളിപ്പിച്ചത്. കണ്ണനുമായി ബന്ധപ്പെട്ട ഇനിയുള്ള നടപടികൾ എസി മൊയ്തീനെ സംബന്ധിച്ചും നിർണ്ണായകമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button