ചെന്നൈ: കരൂരില്‍ നടൻ വിജയിന്റെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ ഹൃദയം തകര്‍ന്ന് മരണപ്പെട്ടവരുടെ ഉറ്റവും ഉടയവരും. ദുരന്തത്തില്‍ 39 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളുമുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് അപകടത്തിന് കാരണമായത്.
തങ്ങളുടെ പ്രിയതാരത്തെ നേരില്‍ കാണാന്‍ കരൂരിലെത്തിയതായിരുന്നു ആകാശും ഗോകുല ശ്രീയും. അടുത്ത മാസമായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ ജീവിതം ഒന്നിപ്പിക്കുന്നതിന് മുന്‍പേ മരണം അവരെ ഒന്നിപ്പിച്ചു. തിക്കിലും തിരക്കിലും 24കാരായ ഇരുവരുടെയും ജീവന്‍ നഷ്ടമായി. സ്‌നേഹത്തോടെ പ്രതീക്ഷയോടെ വളര്‍ത്തിയ മകളെ തങ്ങള്‍ ബലികൊടുത്തുവെന്ന് പറഞ്ഞ് ഗോകുലശ്രീയുടെ അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.
മരിച്ച 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്. ആകെ ഒന്‍പത് കൂട്ടികളും 17 സ്ത്രീകളും മരിച്ചു. പരിക്കേറ്റ് 51 പേരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗവും കരൂര്‍ സ്വദേശികളാണ്.
രാവിലെ ആറുമണിയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിത്തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായതിന് ശേഷമാണ് മൃതദേഹം വീട്ടുകൊടുക്കുന്നത്. കരൂര്‍ മെഡിക്കല്‍ കോളേജിലും പരിസരത്തും ജനങ്ങള്‍ അലമുറയിട്ട് കരയുകയാണ്. പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാനാവാത്ത അവസ്ഥയിലാണവര്‍.
സംഭവം നടന്നയുടന്‍ പ്രതികരണത്തിന് നില്‍ക്കാതെ ട്രിച്ചി വിമാനത്താവളത്തിലേക്കുപോയ വിജയ് ചെന്നൈയിലേക്കു മടങ്ങി. തീര്‍ത്തും അപ്രതീക്ഷിതമായ സംഭവത്തില്‍ വിജയ് ആകെ ഉലഞ്ഞുപോയെന്നാണ് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സംഭവത്തില്‍ വിജയ്യെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.
വിമാനത്താവളത്തില്‍ നിന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല. എന്നാല്‍, രാത്രി 11 മണിയോടെ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു. ”എന്റെ ഹൃദയം തകര്‍ന്നു. സഹിക്കാനാകാത്ത, പറഞ്ഞറിയിക്കാനാകാത്ത വേദനയില്‍ ഉള്ളംപിടയുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്‍മാരോട് നിസ്സീമമായ ആദരമറിയിക്കുന്നു. പരിക്കേറ്റവര്‍ക്ക് ഉടന്‍ സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാനാകട്ടെ” എന്നാണ് ‘എക്‌സി’ല്‍ കുറിച്ചത്.
വിജയും സംഘവും ഉച്ചയോടെ കരൂരിലെത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെങ്കിലും സ്ഥലത്തെത്തുമ്പോള്‍ രാത്രി ഏഴുമണിയായി. ഇത്രയുംനേരം കാത്തിരുന്ന ജനങ്ങള്‍ അവശരായിരുന്നു. പ്രതീക്ഷിച്ചതിനെക്കാള്‍ എത്രയോ ഇരട്ടി ആളുകള്‍ എത്തുകയുംചെയ്തു.
സ്ഥലത്ത് കുടിവെള്ളം ലഭ്യമായിരുന്നില്ല. വെള്ളം കിട്ടാതെ അവശരായവര്‍ക്ക് വിജയ് സഞ്ചരിച്ച വാഹനത്തില്‍നിന്ന് കുപ്പിവെള്ളം എറിഞ്ഞുകൊടുക്കുന്നത് വീഡിയോദൃശ്യങ്ങളില്‍ കാണാം. വെള്ളത്തിനുവേണ്ടിയുള്ള തിക്കും തിരക്കും വന്‍ദുരന്തത്തിന് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
2026-ലെ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് നടത്തുന്ന സംസ്ഥാനവ്യാപകമായ പ്രചാരണത്തിന്റെ ഭാഗമായിരുന്നു കരൂരിലെ റാലി. ഒഴുകിയെത്തിയ ജനസാഗരത്തെ നിയന്ത്രിക്കാനാകാത്തതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ പോലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. കുഴഞ്ഞുവീണ കുട്ടികളെ സഹായിക്കണമെന്നും വിജയ് പറയുന്നുണ്ടായിരുന്നു.
കരൂരില്‍ തുറസ്സായ സ്ഥലത്ത് റാലി നടത്തണമെന്ന ആവശ്യം ടിവികെ ഭാരവാഹികള്‍ നിരസിച്ചതായാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സ്ഥലത്ത് കുടിവെള്ളം നല്‍കാന്‍ ക്രമീകരണമില്ലായിരുന്നു. തുറന്ന മൈതാനമാണെങ്കില്‍ കൂടുതല്‍ സുരക്ഷിതമായേനെ എന്ന നിര്‍ദേശം സംഘാടകര്‍ അംഗീകരിച്ചില്ല. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ഒട്ടേറെ സ്ത്രീകള്‍ കുട്ടികളുമായി പരിപാടിക്കെത്തി. കുട്ടികളെയും ഗര്‍ഭിണികളെയും റാലിയില്‍ പങ്കെടുപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു.


