ഡൽഹി: കർണാടക സർക്കാർ നടത്തുന്ന ഡൽഹി സമരത്തിന് തുടക്കം. ജന്തർമന്തറിലാണ് കേന്ദ്രസർക്കാരിന്റെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള അവഗണനയ്ക്കെതിരെയാണ് പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, മറ്റ് ജനപ്രതിനിധികളെന്നിവരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.
ചലോ ഡൽഹി എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്. സമാനമായ വിഷയത്തിൽ കേരളത്തിന്റെ ഡൽഹി സമരം നാളെ നടക്കും. നൽകുന്ന നികുതി വിഹിതത്തിനനുസരിച്ച് ന്യായമായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് കർണാടകയും കേരളവും ഉയർത്തുന്ന ആക്ഷേപം.
കേന്ദ്രധനകാര്യമന്ത്രി നിർമലാ സീതാരാമൻ, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെ, കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി എ നാരായണസ്വാമി എന്നിവരെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
നികുതി വിഹിതം വിതരണം ചെയ്യുന്നതിലെ അനീതിക്കെതിരെയാണ് സമരമെന്ന് സിദ്ധരാമയ്യ പറഞ്ഞു. പ്രതിഷേധം ബിജെപിക്കെതിരെയല്ല, എംഎൽഎമാർ പാർട്ടിയുടെ അതിർവരമ്പുകൾ മറക്കണമെന്നും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്നും ഡി കെ ശിവകുമാർ പറഞ്ഞു. കർണാടക മന്ത്രിസഭ ഒന്നാകെ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാൻ ഡൽഹിയിലേക്കെത്തിയ കാഴ്ചയാണ് കാണുന്നതെന്ന് കോൺഗ്രസ് നേതാവ് ബി വി ശ്രീനിവാസ് പറഞ്ഞു.