കൊവിഡ് വ്യാപനത്തെ തുടർന്ന് കേരള -കർണാടക അതിർത്തിയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവുകൾ നൽകി കർണാടക. അതിർത്തി കടക്കാൻ രണ്ട് ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് കർണാടക സർക്കാർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ പരിശോധനയും ഉണ്ടായിരിക്കുന്നതല്ല.
കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് കർണാടക സർക്കാർ അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന നിലപാട് സ്വീകരിച്ചത്. എന്നാൽ, തീരുമാനത്തെ നാട്ടുകാർ ശക്തമായി എതിർത്തിരുന്നു. ഇതിനു പുറമേ, അതിർത്തി അടച്ച കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയിൻ കർണാടക സർക്കാറിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലപാടിൽ കർണാടക മാറ്റം വരുത്തിയത്.
കേരളത്തിൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടിലായിരുന്നു കർണാടക.