ബംഗലൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകത്തിലാണ് ഇപ്പോള്‍ പ്രയാണം നടത്തുന്നത്. അതേ സമയം കേരളത്തിലെ പോലെ തന്നെ ഭാരത് ജോഡോ യാത്രയിലെ സവര്‍ക്കര്‍ ഫ്ലെക്സ് കര്‍ണാടകത്തിലും വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച സവര്‍ക്കറുടെ ഫോട്ടോയുള്ള ഫ്ലെക്സ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം മുതല്‍ കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ എതിരാളികള്‍ വ്യാപകമായി ഈ ഫ്ലെക്സിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് എംഎല്‍എയായ എന്‍എ ഹാരീസിന്‍റെ പേരിലുള്ള ഫ്ലെക്സില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും, കോണ്‍ഗ്രസ് കര്‍ണാടക പ്രസിഡന്‍റ് ഡികെ ശിവകുമാറിന്‍റെയും ചിത്രങ്ങള്‍ ഫ്ലെക്സില്‍ ഉണ്ട്. ഒപ്പം രാഹുലിന്‍റെ നടക്കുന്ന ചിത്രവും ഉണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ഒരു ചിത്രം കോണ്‍ഗ്രസ് വച്ചിട്ടില്ലെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ വിജയം കുറയ്ക്കാന്‍ ചില വര്‍ഗ്ഗീയ കക്ഷികള്‍ സ്ഥാപിച്ച വ്യാജ ഫ്ലെക്സാണ് ഇതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി അടക്കം ആലോചിക്കുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേ സമയം കേരളത്തില്‍ ഭാരത് ജോഡോ യാത്ര കടന്നുപോകുമ്പോള്‍ വിവാദമായ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം വച്ച വിവാദത്തില്‍ വിമര്‍ശനം നേരിട്ട സുരേഷിനെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചിരുന്നു.
അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിയില്ല. നിരവധി പ്രവര്‍ത്തകര്‍ സുരേഷിനെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടെന്നും കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
അതേ സമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകരാൻ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തും. ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധിക്കൊപ്പം പദയാത്രയില്‍ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി പങ്കെടുത്തിരുന്നു. കര്‍ണാടകയില്‍ നാലര കിലോമീറ്റര്‍ ദൂരം സോണിയ പദയാത്ര നടത്തി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോഡോ യാത്ര.
അവശത മറന്ന് നാലര കിലോമീറ്റര്‍ ദൂരം സോണിയ ഗാന്ധി നടന്നു. രാഹുലിനൊപ്പം അഭിവാദ്യം ചെയ്തുള്ള പദയാത്ര പ്രവര്‍ത്തകര്‍ക്ക് ആവേശമായി. ഭിന്നത മറന്ന് ഡി കെ ശിവകുമാറും സിദ്ധരാമ്മയ്യയും യാത്രിയില്‍ അണിനിരന്നു. കര്‍ണാടകയല്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്‍റെ സന്ദേശം കൂടി പങ്കുവച്ചായിരുന്നു ഭാരത് ജോഡോ യാത്ര.