കള്ളത്താക്കോല്‍, ‘മണി ഹെയിസ്റ്റിനെ’ വെല്ലുന്ന പ്ലാനിങ്; ആർ.സി.ബി തോറ്റതോടെ ബി പ്ലാൻ, 53 കോടിയുടെ സ്വര്‍ണക്കവര്‍ച്ചയില്‍ ബാങ്ക്മാനേജരുള്‍പ്പെടെ പിടിയില്‍

കര്‍ണാടക: കര്‍ണ്ണാടകയില്‍ കാനറ ബാങ്കില്‍ നിന്ന് 53 കോടി രൂപ മൂല്യമുള്ള ആഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്ത് കര്‍ണ്ണാടക പോലീസ്. വിജയകുമാര്‍ മിറിയാല (41) ഇയാളുടെ കൂട്ടാളികളായ ചന്ദ്രശേഖര്‍ നെരല്ല(38), സുനില്‍ നരസിംഹലു(40) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ വിജയകുമാര്‍ മിറിയാല കാനറ ബാങ്കിലെ തന്നെ മാനേജര്‍ ആണ്.

കര്‍ണ്ണാടകയില്‍ വിജയപുര ജില്ലയിലെ മനഗുളി ടൗണിലുള്ള കാനറ ബാങ്കില്‍ കഴിഞ്ഞ മാസം 25നാണ് മോഷണം നടന്നത്. ബാങ്കില്‍ നിന്ന് 58.97 കിലോഗ്രാം സ്വര്‍ണമാണ് ഇവർ കൊള്ളയടിച്ചത്. വിജയകുമാര്‍ മേയ് ഒന്‍പതിന് ഈ ബാങ്കില്‍ നിന്ന് റൊണിഹാല്‍ ശാഖയിലേക്ക് മാറിയിരുന്നു. എന്നാല്‍ അവിടെ നിന്ന് മാറുന്നതിന് മുന്‍പ് തന്നെ മോഷണത്തിന്റെ വഴികള്‍ വിജയകുമാറും കൂട്ടരും തയ്യാറാക്കിയിരുന്നു.

പുതിയ ശാഖയിലേക്ക് മാറുന്നതിന് മുന്‍പ് വിജയകുമാര്‍ ബാങ്കിന്റെ താക്കോല്‍ മറ്റ് രണ്ടുപേര്‍ക്കും കൈ മാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ വ്യാജ താക്കോല്‍ നിര്‍മ്മിക്കുകയും പ്രവര്‍ത്തനക്ഷമത ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. പോലീസിന്റെ സംശയം തോന്നാതിരിക്കാന്‍ വിജയകുമാര്‍ സ്ഥലം മാറ്റം കിട്ടുന്നതുവരെ ഇവര്‍ കാത്തിരിക്കുകയായിരുന്നു.

ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും, സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടിയ മേയ് 23 ന് കൊള്ളയടിക്കാനായിരുന്നു ഇവര്‍ ആദ്യം തീരുമാനിച്ചത്. ആരാധകരുടെ ആഘോഷത്തിന്റെ മറവില്‍ പദ്ധതി നടപ്പിലാക്കാന്‍ ആയിരുന്നു ഉദ്ദേശം. എന്നാല്‍ അപ്രതീക്ഷിതമായി ആര്‍.സി.ബി കളിയില്‍ തോറ്റത് ഇവരുടെ പദ്ധതി നീട്ടിവെക്കാന്‍ കാരണമായി.

അതിനുശേഷമാണ് മേയ് 25ന് പദ്ധതി പൂര്‍ത്തീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 10.5 കിലോ സ്വര്‍ണവും കുറ്റം ചെയ്യാന്‍ ഉപയോഗിച്ച രണ്ട് വണ്ടികളും കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച ആഭരണങ്ങള്‍ ഉരുക്കി രൂപം മാറ്റിയ സ്വര്‍ണക്കട്ടികളും പോലീസ് പ്രതികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

പദ്ധതിയുടെ കൃത്യമായ ആസൂത്രണത്തിന് പ്രതികള്‍ മാസങ്ങള്‍ക്ക് മുന്നേ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ഇതിനായി ബാങ്കിന്റെ സമീപ പ്രദേശങ്ങളെ കുറിച്ചും സിസിടിവിയുടെ സാന്നിധ്യത്തെ കുറിച്ചും പഠിക്കുകയും ചെയ്തിരുന്നു. അടുത്ത കാലത്തായി സമീപ സംസ്ഥാനങ്ങളില്‍ നടന്ന മോഷണങ്ങളെ കുറിച്ചും മനസിലാക്കിയ ശേഷമാണ് ഇവര്‍ പദ്ധതിക്ക് രൂപം കൊടുത്തത്. കേസില്‍ നിന്ന് പോലീസിന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി മോഷണം നടത്തിയ ശേഷം മഞ്ഞള്‍, കുങ്കുമം ടോര്‍ച്ച് എന്നിവ സംഭവസ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തെളിവ് നശിപ്പിക്കാനായി സഞ്ചരിക്കാനായി ഉപയോഗിച്ച രണ്ട് ബൈക്കുകള്‍ ട്രക്ക് ഉപയോഗിച്ചാണ് മാറ്റിയത്. കൂടാതെ ബാങ്കിന്റെ സുരക്ഷസംവിധാനങ്ങളില്‍ കൃത്രിമം കാണിക്കുകയും ഹൈമാസ് വെളിച്ചത്തിന്റെ കേബിളുകള്‍ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു.

കേസ് നടക്കുന്നതിനിടയില്‍ പലപ്പോഴും അന്വേഷണത്തിന്റെ ഗതി തിരിച്ചുവിടാന്‍ വേണ്ടി പ്രതികള്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ പിടിക്കാന്‍ എട്ട് സംഘങ്ങളെ നിയോഗിച്ചിരുന്നു. ഇതിലെ പ്രധാന കണ്ണിയായ വിജയകുമാർ കവര്‍ച്ച നടക്കുന്നതിന് മുമ്പും അതിനുശേഷവും നടത്തിയ സംശയാസ്പദമായ യാത്രകളാണ് കേസില്‍ വഴിത്തിരിവായത്. സംശയാസ്പദമായി കവര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പും കവര്‍ച്ചയ്ക്ക് ശേഷവും ഒരു കാര്‍ പോകുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

ഇതിന്റെ രജിസ്‌ട്രേഷന്‍ പരിശോധിച്ചപ്പോഴാണ് അത് വിജയകുമാറിന്റേതാണ് എന്ന് കണ്ടെത്തിയത്.ഇതിനെ തുടര്‍ന്ന് വിജയകുമാറിനെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News