അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ സുപ്രീം കോടതിയിലേക്ക്
ബംഗളൂരു: കര്‍ണാടക നിയമസഭയില്‍നിന്ന് സ്പീക്കര്‍ അയോഗ്യരാക്കിയ മൂന്ന് എം.എല്‍.എമാര്‍ സുപ്രീം കോടതിയിലേക്ക്. സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് എം.എല്‍.എമാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞ വ്യാഴാഴ്ച അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരായ ആര്‍. ശങ്കര്‍, രമേഷ് ജാര്‍ക്‌ഹോളി, മഹേഷ് കുമത്തള്ളി എന്നിവരാണ് തിങ്കളാഴ്ച കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഞായറാഴ്ച സ്പീക്കര്‍ അയോഗ്യരാക്കിയ 14 എംഎല്‍എമാരും സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കറുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിനു ശേഷമാകും ഇവര്‍ കോടതിയെ സമീപിക്കുക.
സ്പീക്കര്‍ സ്വാഭാവിക നീതി നിഷേധമാണ് നടത്തിയിരിക്കുന്നതെന്നാണ് എംഎല്‍എമാര്‍ ആരോപിക്കുന്നത്. അയോഗ്യത പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ട എംഎല്‍എമാര്‍ക്ക് ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മൂന്ന് ദിവസം മുമ്പ് മാത്രമാണ് തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചതെന്നും ഇത് സ്വഭാവിക നീതിയുടെ നിഷേധമാണെന്നും എംഎല്‍എമാര്‍ വാദിക്കുന്നു. സ്പീക്കര്‍ ഭരണഘടനയെ വളച്ചൊടിച്ചെന്നും ആര്‍. ശങ്കര്‍ എംഎല്‍എ പറഞ്ഞു.