കര്‍ണാടക: ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണര്‍; അധികാര ദുര്‍വിനിയോഗമെന്ന് കോണ്‍ഗ്രസ്
ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ‘വിശ്വാസം’ തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമാണെന്ന് ചൂണ്ടികാട്ടി കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്ക് മുമ്പ് വേണ്ടെന്നാണ് ധാരണയിലാണ് സഖ്യം.
അതേസമയം, സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായതോടെ വിശ്വാസ വോട്ടെടുപ്പ് നീട്ടുന്നത് ജനാധിപത്യ സംവിധാനത്തിന് ഉചിതമല്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇക്കാര്യം ഗവര്‍ണര്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് അയച്ച കത്തില്‍ ചൂണ്ടികാട്ടുന്നു.
ഇതിനിടെ, വിശ്വാസവോട്ടെടുപ്പ് നടത്താത്തില്‍ പ്രതിഷേധിച്ച് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി എംഎല്‍എമാര്‍ ഇന്നലെ മുതല്‍ വിധാന്‍ സൗധയില്‍ പ്രതിഷേധം തുടരുകയാണ്. ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കണമെന്നും വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഈ സാഹചര്യത്തില്‍ ഇന്ന് സഭാനടപടികള്‍ നിര്‍ണായകമാകും. ഉച്ചയ്ക്ക് 11 മണിക്കാണ് സഭാസമ്മേളനം തുടങ്ങുക. നിലവില്‍ 16 വിമത എംഎല്‍എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ പ്രതിസന്ധിയിലാണ് സര്‍ക്കാര്‍.