KeralaNews

ടി.പി വധക്കേസ് പ്രതിയുടെ വീട്ടില്‍ നിന്നും പോലീസ് യൂണിഫോമിലെ നക്ഷത്രം കണ്ടെടുത്തു,കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസ് അന്വേഷണം വഴിത്തിരിവിലേക്ക്‌

കണ്ണൂർ:കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസിന്റെ അന്വേഷണം ടിപി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ക്വട്ടേഷൻ സംഘാംഗങ്ങളായ കൊടി സുനിയിലേക്കും ഷാഫിയിലേക്കും. കസ്റ്റംസ് അന്വേഷണത്തിന്റെ ഭാഗമായി ടിപി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഷാഫിയുടെ വീട്ടിൽ പരിശോധനയും തെളിവെടുപ്പും നടത്തി. കടത്തുസ്വർണ്ണം കവർച്ച ചെയ്യുന്നതിന്റെ ആസൂത്രണം സുനിയും ഷാഫിയുമാണെന്ന അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയത്.

ഇവിടെ നിന്നും ചില നിർണായക രേഖകൾ കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു. ഇതോടൊപ്പം ലാപ്ടോപ്പും, പൊലീസ് യൂണിഫോമിലെ സ്റ്റാറും കണ്ടെടുത്തു. ഈ മാസം ഏഴിന് കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നൽകി. ഷാഫിയുടെ വീട്ടിലെ പരിശോധനയ്ക്ക് ശേഷം കസ്റ്റംസ് സംഘം കൊടി സുനിയുടെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു.

രാവിലെ അർജ്ജുനെ കണ്ണൂരിലെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കാറ് ഒളിപ്പിച്ച അഴീക്കോട് ഉരു നിർമ്മാണശാലയ്ക്കടുത്ത് എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്നും കാറ് മാറ്റാനുള്ള തത്രപ്പാടിൽ ഫോൺ കള‌ഞ്ഞുപോയെന്നായിരുന്നു അർജുന്റെ ആദ്യമൊഴി. എന്നാൽ ഫോൺ ഈ പറമ്പിനടുത്തുള്ള വളപട്ടണം പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് ഇന്ന് അർജുൻ മൊഴി തിരുത്തി.

അർജ്ജുന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മെമ്മറികാർഡ്, എടിഎം, സ്വർണ്ണം ഇടപാട് നടത്തിയതിന്റെ രേഖകൾ എന്നിവ കണ്ടെത്തിയെന്ന് കസ്റ്റംസ് അവകാശപ്പെട്ടു. അർജുന്റെ ഭാര്യ അമലയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയിലേക്ക് എത്താൻ നോട്ടീസും നൽകിയാണ് സംഘം ചൊക്ലിയിലെ മുഹമ്മദ് ഷാഫിയുടെ വീട്ടിലെത്തിയത്.

കടത്ത് സ്വർണ്ണം കവർച്ച ചെയ്യുന്നതിന്റെ മുഖ്യ സൂത്രധാരൻ ഷാഫിയും കൊടിസുനിയുമാണെന്ന് അർജ്ജുൻ മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പാണ് കസ്റ്റംസ് നടത്തിയത്. ക്യാരിയർമാർക്ക് സുരക്ഷ നൽകുന്നതും സ്വർണ്ണം നഷ്ടപ്പെട്ടയാൾ പിന്നീട് പ്രശ്നമുണ്ടാക്കിയാൽ ഭീഷണിപ്പെടുത്തുന്നതും കൊടി സുനിയും ഷാഫിയുമാണെന്നുള്ള ശബദ സന്ദേശവും പുറത്തുവരുന്നിരുന്നു. അർജ്ജുന്റെ ഫോണിലെ കോൾ റെക്കോർഡുകളും ഓഡിയോ സന്ദേശങ്ങളും വാട്സപ്പ് ചാറ്റ് ഹിസ്റ്ററിയും വീണ്ടെടുത്ത് തുടർ പരിശോധന നടത്താനാണ് കസ്റ്റംസിന്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button