കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെതിരേ വീണ്ടും ‘കാപ്പ’ ചുമത്തിയത്. ബുധനാഴ്ച മകളുടെ പേരിടങ്ങല്‍ ചടങ്ങിനായി വീട്ടിലെത്തിയപ്പോളാണ് ആകാശിനെ മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
പേരിടല്‍ ചടങ്ങിനിടെ പോലീസ് വാഹനം കണ്ട് ആകാശ് കാര്യം തിരക്കാനായി വാഹനത്തിന്റെ അടുത്തെത്തിയിരുന്നു. തുടര്‍ർന്ന് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ വീട്ടില്‍ ചടങ്ങിനെത്തിയിരുന്ന ബന്ധുക്കളടക്കം സ്‌റ്റേഷന് മുന്നിലെത്തി തടിച്ചുകൂടി. ഏറെസമയത്തിന് ശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്.
‘കാപ്പ’ ചുമത്തി നേരത്തെ അറസ്റ്റ് ചെയ്തിരുന്ന ആകാശ്, ആറു മാസത്തെ തടവ് കാലാവധി കഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. വിയ്യൂര്‍ ജയിലില്‍ ‘കാപ്പ’ തടവുകാരനായി കഴിയുന്നതിനിടെയാണ് ഇയാള്‍ ജയിലറെ ആക്രമിച്ച കേസിലും പ്രതിയായത്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി സംശയം പ്രകടിപ്പിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മര്‍ദിച്ചത്.