തിരുവനന്തപുരം: കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇരണിയൽ യാർഡിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ട്രെയിൻ ഗതാഗതത്തിൽ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. 11 ട്രെയിൻ സർവീസുകൾ പൂർണ്ണമായും എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. പാസഞ്ചർ, മെമു ട്രെയിനുകളെയാണ് റദ്ദാക്കൽ നടപടി പ്രധാനമായും ബാധിച്ചിരിക്കുന്നത്. തെക്കൻ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഈ നിയന്ത്രണങ്ങൾ വലിയ ബുദ്ധിമുട്ടുണ്ടാക്കും.
ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ താഴെ പറയുന്ന പാസഞ്ചർ ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി: * കൊല്ലം – നാഗർകോവിൽ പാസഞ്ചർ (56101): ഉച്ചയ്ക്ക് 3.35-ന് കൊല്ലത്തുനിന്ന് പുറപ്പെടേണ്ടത്. * നാഗർകോവിൽ – കൊല്ലം പാസഞ്ചർ (56102): രാവിലെ 6.15-ന് നാഗർകോവിലിൽ നിന്ന് പുറപ്പെടേണ്ടത്. * നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56305): രാവിലെ 07.55-ന് പുറപ്പെടേണ്ടത്. * തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ (56306): രാവിലെ 6.30-ന് പുറപ്പെടേണ്ടത്. * നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56309): വൈകീട്ട് 6.20-ന് പുറപ്പെടേണ്ടത്. * തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ (56310): ഉച്ചയ്ക്ക് 1.25-ന് പുറപ്പെടേണ്ടത്.
പുനലൂർ – കന്യാകുമാരി പാതയിലെ യാത്രക്കാരെയും നിയന്ത്രണങ്ങൾ സാരമായി ബാധിക്കും.
രാവിലെ 6.35-ന് പുറപ്പെടേണ്ട പുനലൂർ – കന്യാകുമാരി പാസഞ്ചർ (56705) ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ പൂർണ്ണമായും റദ്ദാക്കി. കന്യാകുമാരി – പുനലൂർ പാസഞ്ചർ ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ സർവീസ് നടത്തില്ല. കൂടാതെ, ഏപ്രിൽ മൂന്നിന് കന്യാകുമാരി – തിരുനെൽവേലി പാസഞ്ചറും, ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ കന്യാകുമാരി – കൊല്ലം മെമു (66305), കൊല്ലം – കന്യാകുമാരി മെമു (66305) എന്നിവയും പൂർണ്ണമായും റദ്ദാക്കിയ പട്ടികയിൽ ഉൾപ്പെടുന്നു.
പല പ്രധാന എക്സ്‌പ്രസ് ട്രെയിനുകളും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
മംഗളൂരു – തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് ഏപ്രിൽ ഒന്നിനും രണ്ടിനും കൊല്ലം ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കും. തിരിച്ച് തിരുവനന്തപുരം – മംഗളൂരു ഏറനാട് എക്സ്പ്രസ് ഏപ്രിൽ 1, 2, 3 തീയതികളിൽ കൊല്ലത്തുനിന്ന് മാത്രമേ സർവീസ് ആരംഭിക്കൂ. മംഗളൂരു – കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് ഏപ്രിൽ ഒന്നിനും രണ്ടിനും തിരുവനന്തപുരം സെൻട്രൽ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കന്യാകുമാരി – മംഗളൂരു പരശുറാം എക്‌സ്‌പ്രസ് ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്തുനിന്ന് നിശ്ചയിച്ച സമയത്ത് പുറപ്പെടും.പുണെ – കന്യാകുമാരി റൂട്ടിലെ ട്രെയിനുകളിലും മാറ്റമുണ്ട്. മാർച്ച് 30, 31 തീയതികളിൽ പുണെയിൽ നിന്ന് പുറപ്പെട്ട കന്യാകുമാരി എക്‌സ്‌പ്രസ് തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും. തുടർന്ന് ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കന്യാകുമാരി – പുണെ ജയന്തി എക്‌സ്‌പ്രസ് തിരുവനന്തപുരത്തുനിന്ന് സർവീസ് ആരംഭിക്കും.
കൂടാതെ, ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ് തിരുനെൽവേലി ജങ്ഷൻ വരെ മാത്രമേ സർവീസ് നടത്തൂ. മടക്കയാത്രയിൽ തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്‌സ്‌പ്രസ് തിരുനെൽവേലിയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.പാത ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാകുന്നതോടെ ഈ സെക്ഷനിലെ ട്രെയിൻ ഗതാഗതം കൂടുതൽ സുഗമമാകുമെങ്കിലും, നിലവിലെ റദ്ദാക്കലുകൾ യാത്രക്കാർക്ക് വലിയ വെല്ലുവിളിയാണ്. ദീർഘദൂര യാത്രക്കാർ നേരത്തെ തന്നെ വിവരങ്ങൾ അന്വേഷിച്ച് യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ അധികൃതർ നിർദ്ദേശിച്ചു.
പ്രധാന സ്റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഏർപ്പെടുത്താനും റെയിൽവേ ആലോചിക്കുന്നുണ്ട്. തമിഴ്‌നാട് അതിർത്തി മേഖലകളിലെ യാത്രക്കാർക്ക് ബസ് സർവീസുകളെ ആശ്രയിക്കേണ്ടി വരും. വരും ദിവസങ്ങളിൽ ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് സർവീസുകൾ പുനഃസ്ഥാപിക്കും.
Rail services in the Kanyakumari sector will face major disruptions from April 1 to 3 due to double-tracking works at the Eraniel yard. Eleven train services, including several passenger and MEMU trains, have been fully cancelled, while eight express trains like Ernad, Parasuram, and Jayanti will be partially cancelled or short-terminated. Passengers are advised to check the revised schedules and plan their travel accordingly during these three days.

