കാൺപുരിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ അവയവക്കടത്ത്; 50,000 രൂപയുടെ തർക്കം കോടികളുടെ റാക്കറ്റിനെ കുടുക്കി

കാൺപുർ: ഉത്തർപ്രദേശിലെ കാൺപുർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അതിസങ്കീർണ്ണമായ അന്തർസംസ്ഥാന അവയവക്കടത്ത് റാക്കറ്റിനെ പിടികൂടി പോലീസ്. ടെലിഗ്രാം പോലുള്ള എൻക്രിപ്റ്റഡ് ആപ്പുകൾ വഴി ദാതാക്കളെ കണ്ടെത്തി ലക്ഷക്കണക്കിന് രൂപയ്ക്ക് വൃക്കകൾ വിൽക്കുന്ന രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. വൃക്ക വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെത്തുടർന്ന് ഒരു വിദ്യാർത്ഥി നൽകിയ പരാതിയോടെയാണ് ഈ വൻക്രമക്കേട് പുറംലോകമറിഞ്ഞത്.

ഉത്തർപ്രദേശ് മുതൽ നേപ്പാൾ വരെ നീളുന്ന ശൃംഖലയിൽ ഡോക്ടർമാരും ഇടനിലക്കാരും ഉൾപ്പെടെ 10 പേരെയാണ് നിലവിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അനധികൃത ശസ്ത്രക്രിയകൾ നടത്തിയ മൂന്ന് ആശുപത്രികൾക്കെതിരെ ആരോഗ്യവകുപ്പ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ടെലിഗ്രാം പോലുള്ള എൻക്രിപ്റ്റഡ് മെസ്സേജിംഗ് ആപ്പുകൾ വഴിയാണ് പ്രതികൾ ദാതാക്കളെ ആകർഷിച്ചിരുന്നത്. പോലീസിന്റെ നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെടാനും വിവിധ നഗരങ്ങളിലെ പ്രവർത്തനങ്ങൾ രഹസ്യമായി ഏകോപിപ്പിക്കാനും ഈ ആപ്പ് അവരെ സഹായിച്ചു. ഏജന്റുമാർ വഴി ദാതാക്കളെ കണ്ടെത്തുകയും കാൺപുരിലെ അപ്പാർട്ട്മെന്റുകളിൽവെച്ച് ഇടപാടുകൾ ഉറപ്പിക്കുകയുമായിരുന്നു രീതി. തട്ടിപ്പിനിരയായ ബിഹാറിലെ സമസ്തിപുർ സ്വദേശിയായ ആയുഷ് എന്ന എംബിഎ വിദ്യാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഈ വലിയ തട്ടിപ്പ് ശൃംഖലയിലേക്ക് പോലീസിനെ എത്തിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പഠനത്തിന്റെ ഭാഗമായി മീററ്റിൽ താമസിച്ചിരുന്ന ആയുഷിനെ ടെലിഗ്രാം വഴിയാണ് ഇടനിലക്കാർ ബന്ധപ്പെട്ടത്. വൃക്ക നൽകുന്നതിനായി 10 ലക്ഷം രൂപയാണ് ഇവർ ആയുഷിന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷം 9.5 ലക്ഷം രൂപ മാത്രമേ ഇയാൾക്ക് ലഭിച്ചുള്ളൂ. ബാക്കി 50,000 രൂപ കൂടി നൽകണം എന്നാവശ്യപ്പെട്ട് ആയുഷ് ഇടനിലക്കാരുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ആയുഷ് പോലീസുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.

എന്നാൽ, അധികം വൈകാതെ ആയുഷിന്റെ ആരോഗ്യനില വഷളായി. പിന്നാലെ ഇയാളെ കാൺപുരിലെ ഹാലറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയുഷിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി മനസിലാക്കിയ പ്രതികൾ പിടിക്കപ്പെടുമെന്ന ഭയത്തിൽ ആയുഷിനെ ഈ ആശുപത്രിയിൽനിന്ന്‌ ആരുമറിയാതെ കടത്തി മെഡ് ലൈഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെ ആയുഷിനെ ഒളിപ്പിക്കാനായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. എന്നാൽ, പോലീസിന്റെ പരിശോധനയിൽ ഇയാളെ മെഡ് ലൈഫ് ആശുപത്രിയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ, രോഗിയും കാൺപുരിലെ കല്യാൺപുർ പ്രദേശത്തുള്ള മൂന്ന് സ്വകാര്യ ആശുപത്രികളാണ് ഈ റാക്കറ്റിൽ പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത് എന്ന് പോലീസ് കണ്ടെത്തി.

അഹൂജ ഹോസ്പിറ്റൽ, മെഡ് ലൈഫ് ഹോസ്പിറ്റൽ, പ്രിയ ഹോസ്പിറ്റൽ എന്നീ ആശുപത്രികൾ നേരിട്ട് ഈ കേസിൽ ബന്ധപ്പെട്ടിരിക്കുന്നതായി പോലീസ് പറയുന്നു. വൃക്ക എടുക്കുന്നതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ നടന്നിരുന്നത് ഇവിടെയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ആയുഷിന്റെ വൃക്ക എടുത്തത് ഈ ആശുപത്രിയിൽവെച്ചാണ്. പോലീസിന്റെ കണ്ണുവെട്ടിക്കുന്നതിനായി വൃക്കദാതാക്കളെ മാറ്റിയിരുന്നത് മെഡ് ലൈഫ് ഹോസ്പിറ്റലിലേക്കാണ്. പ്രിയ ഹോസ്പിറ്റലിലാണ് വൃക്ക സ്വീകരിച്ച രോഗികളെ അധികൃതരുടെ കണ്ണിൽപെടാതെ ഒളിപ്പിച്ച് താമസിപ്പിച്ചിരുന്നത്.

മുസാഫർനഗർ സ്വദേശിയായ പാരുൾ തോമർ എന്ന രോഗിക്കാണ് ആയുഷിന്റെ വൃക്ക നൽകിയത്. ഇതിനായി രോഗിയുടെ കുടുംബത്തിന്റെ പക്കൽനിന്നു പ്രതികൾ 60 ലക്ഷം രൂപ ഈടാക്കിയതായി പോലീസ് കണ്ടെത്തി. നിയമപരമായ ഒരു രേഖയും  ശസ്ത്രക്രിയകൾക്കായി ആശുപത്രികൾ സൂക്ഷിച്ചിരുന്നില്ല. സംഭവത്തിൽ ആരോഗ്യ വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആരോപണവിധേയമായ മൂന്ന് ആശുപത്രികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ ഇവയുടെ ലൈസൻസ് റദ്ദാക്കും.

ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇതിൽ പ്രധാനികളായ ഡോ. പ്രീതി അഹൂജ (അഹൂജ ഹോസ്പിറ്റൽ ഉടമ), ഭർത്താവ് ഡോ. സുർജിത്, ഇടനിലക്കാരനായ ശിവം അഗർവാൾ എന്നിവരും ഉൾപ്പെടുന്നു. ഈ സംഘം ഇതുവരെ പന്ത്രണ്ടിലധികം നിയമവിരുദ്ധ ശസ്ത്രക്രിയകൾ നടത്തിയതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

റാക്കറ്റിന്റെ പ്രവർത്തനം ഉത്തർപ്രദേശിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പോലീസ് പറയുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങൾക്ക് പുറമെ നേപ്പാളിലേക്കും ഈ ശൃംഖല വ്യാപിച്ചുകിടക്കുന്നുണ്ട്. അതിർത്തി കടന്നുള്ള ബന്ധങ്ങളെക്കുറിച്ചും ദാതാക്കളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.

An illegal kidney transplant racket was busted in Kanpur after an MBA student reported a payment dispute of ₹50,000. Five doctors, including a couple who owned a private hospital, were among the six arrested. The racket lured financially distressed individuals via Telegram and sold kidneys for up to ₹80 lakh using forged documents.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News